തിരുവനന്തപുരം: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബിജെപി ഉത്തരമേഖലാ സെക്രട്ടറിയെ ചുമതലകളിൽ നിന്ന് നീക്കി. ബിജെപി സംസ്ഥാന ഘടകമാണ് എംപി രാജനെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കാൻ തീരുമാനിച്ചത്..

രാജനെതിരെ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുറ്റ്യാടി കുന്നുമ്മൽ സ്വദേശി അശ്വത്(25) നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്വത് ആർഎസ്എസ് പാതിരപ്പറ്റ് ശാഖാ മുഖ്യ ശിക്ഷകക് ആയി പ്രവർത്തിച്ച കാലത്താണ് തട്ടിപ്പ് നടന്നത്.

സൈന്യത്തിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞതിനെ തുടർന്ന്, ഇതിനായി 1,40,000 രൂപ രാജന് നൽകിയിരുന്നുവെന്നാണ് അശ്വതിന്റെ പരാതിയിൽ പറയുന്നത്. പിന്നീട് ഇത് തട്ടിപ്പായിരുന്നുവെന്ന് മനസിലായതിനെ തുടർന്നാണ് അശ്വത് പരാതി നൽകിയത്.

ജോ​ലി​ക്കാ​യി, രാജൻ നിർദ്ദേശിച്ചത് പ്രകാരം ഇതര സംസ്ഥാനത്തേക്ക് പോയ അശ്വതിന് ഇവിടെ വച്ചാണ് സംഭവം തട്ടിപ്പാണെന്ന് വ്യക്തമായത്. ഇതേ തുടർന്ന് ബിജെപി നേതാക്കൾക്ക് പരാതി നൽകിയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ മധ്യസ്ഥതയിൽ പ്രശ്നം ഒത്തുതീർത്തിരുന്നു.

എന്നാൽ അന്ന് ഒത്തുതീർപ്പിൽ നിർദ്ദേശിച്ച രണ്ട് ലക്ഷം രൂപ രാജൻ നൽകാതിരുന്നതാണ് പ്രശ്നം വഷളാക്കിയത്. ഇതേ തുടർന്നായിരുന്നു അശ്വത് പൊലീസിൽ പരാതിപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ