കണ്ണൂര്‍: രാഷ്ട്രീയത്തില്‍ എന്ത് സംഭവിച്ചാലും താന്‍ ബിജെപിയിലോ സിപിഎമ്മിലോ ചേരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മാധ്യമപ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയാണ് താനിത് പറയുന്നതെന്നും തന്റെ വാക്ക് മാറില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകളെ തെറ്റായ രീതിയില്‍ മുറിച്ച് വെച്ച് കാണിച്ച ചാനലിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ കൊല്ലപ്പെട്ട ചെറുപ്പക്കാരുടെ പട്ടിക എടുത്താല്‍ സിപിഎമ്മാണ് ന്യൂനപക്ഷ വിരുദ്ധരെന്ന് മനസ്സിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘രാഷ്ട്രീയ മര്യാദ കൊണ്ടാണ് ക്ഷണം കിട്ടിയത് തുറന്ന് പറഞ്ഞത്. അതേസമയം മാനസിക നില തെറ്റിയത് പോലെയാണ് പി ജയരാജന്‍ പെരുമാറുന്നത്. ന്യൂനപക്ഷത്തിന്റെ പിന്തുണ കിട്ടുമെന്ന് വ്യാമോഹിച്ചാണ് ഇത്തരത്തിലുളള പ്രചരണം. ഒരു തരത്തിലുളള രാഷ്ട്രീയ മാറ്റത്തെ കുറിച്ചും ഞാന്‍ ചിന്തിച്ചിട്ടില്ല. എല്ലാവരും പാര്‍ട്ടി വിട്ട് പോയാലും കോണ്‍ഗ്രസിന്റെ കൊടി പിടിച്ച് ഞാനുണ്ടാവും’, സുധാകരന്‍ പറഞ്ഞു.

സുധാകരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കോണ്‍ഗ്രസില്‍ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ആളെ പിടിക്കുന്ന ജോലി സിപിഎം ഏറ്റെടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചെന്നൈയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും കുറച്ച്കൂടി കാത്തിരിക്കാന്‍ ബിജെപി ദേശീയ നേതൃത്വം സുധാകരനോട് പറഞ്ഞതായാണ് മനസിലാക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചിരുന്നു. തന്നെ ബിജെപി പ്രാദേശിക നേതൃത്വം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായും താന്‍ അത് നിരസിച്ചതായും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. ദേശീയ നേതാക്കള്‍ ഇത് സംബന്ധിച്ച് സംസാരിക്കുമെന്ന് പറഞ്ഞെങ്കിലും താന്‍ അത് നിരസിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ