തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിക്കില്ലെന്ന് സൂചന. സംസ്ഥാനത്ത് ബിജെപിയുടെ താരപ്രചാരകനായി സുരേഷ് ഗോപി ഉണ്ടായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ സുരേഷ് ഗോപിയെ താരപ്രചാരകനായി കളത്തിലിറക്കിയ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് ലക്ഷ്യമിടുന്നത്. നേരത്തെ തൃശൂരിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ നിന്ന് സുരേഷ് ഗോപി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, താരം നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് കൂടുതൽ സാധ്യത. അതേസമയം, പാർട്ടി നിർബന്ധിക്കുകയാണെങ്കിൽ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തിൽ താരം മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി എ-ക്ലാസ് മണ്ഡലങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതിൽ തൃശൂർ ജില്ലയിൽ നിന്നുള്ള ഒൻപത് മണ്ഡലങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. ഈ മണ്ഡലങ്ങളിലേക്ക് ഏറ്റവും ശക്തരായ നേതാക്കളെ സ്ഥാനാർഥികളാക്കാനാണ് പാർട്ടി തീരുമാനം. സംസ്ഥാന നേതാക്കൾ തൃശൂരിലെ മണ്ഡലങ്ങൾ ലഭിക്കാൻ ചരടുവലി ആരംഭിച്ചിട്ടുമുണ്ട്.
Read Also:നേമത്ത് രാജഗോപാലിന് പകരം കുമ്മനം മത്സരിക്കാൻ സാധ്യത; ബിജെപിയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവം
എ.എൻ.രാധാകൃഷ്ണൻ തൃശൂരിലെ മണലൂർ മണ്ഡലത്തിൽ നിന്നു തന്നെ ജനവിധി നേടാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും രാധാകൃഷ്ണൻ മണലൂരിൽ നിന്നാണ് മത്സരിച്ചത്. കഴിഞ്ഞ തവണ മണലൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രാധാകൃഷ്ണന് സാധിച്ചിരുന്നു.
തൃശൂർ നിയമസഭാ മണ്ഡലത്തിൽ രണ്ട് പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ബി.ഗോപാലകൃഷ്ണനും സന്ദീപ് വാര്യറും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണനാണ് തൃശൂരിൽ നിന്ന് മത്സരിച്ചത്. തൃശൂരിൽ സ്ഥാനാർഥിയായില്ലെങ്കിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഗോപാലകൃഷ്ണൻ സ്ഥാനാർഥിയാകാൻ സാധ്യതയുണ്ട്.
മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത ഗുരുവായൂരിൽ മത്സരിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണയും നിവേദിതയായിരുന്നു ഗുരുവായൂരിൽ സ്ഥാനാർഥി. ബിജെപി മുൻ ജില്ലാ പ്രസിഡന്റും ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുമായ എ.നാഗേഷ് പുതുക്കാട് മണ്ഡലത്തിൽ മത്സരിച്ചേക്കും. കുന്നംകുളത്ത് കെ.കെ.അനീഷ് കുമാർ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ട്.