തിരുവനന്തപുരം: കോണ്‍ഗ്രസിനെ രാജ്യ സ്‌നേഹം പഠിപ്പിക്കാന്‍ ബിജെപി വളര്‍ന്നിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം അടല്‍ ബിഹാരി വാജ്‌പേയ് ദുര്‍ഗ എന്നാണ് ഇന്ദിരാ ഗാന്ധിയെ വിശേഷിപ്പിച്ചതെന്നും ഉമ്മന്‍ ചാണ്ടി ഓര്‍മ്മിപ്പിച്ചു.

സൈനിക ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ തിട്ടപ്പെടുത്തിയില്ലെന്നാണ് മൂന്നു സൈനിക മേധാവികളും പരസ്യമായി പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങളില്‍ 300 ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നു. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അനൗദ്യോഗികമായി നല്കിയ വാര്‍ത്തയായിരുന്നു അതെന്നു വ്യക്തം. ആരും അതിനെ ചോദ്യം ചെയ്തു പോലുമില്ല. എന്നാല്‍ അന്തര്‍ദേശീയ മാധ്യമങ്ങളും മറ്റും അവിടെ പോയി നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ നല്കിയ അനൗദ്യോഗിക അവകാശവാദങ്ങള്‍ ശരിവയ്ക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബലാക്കോട്ട് അക്രമണത്തെക്കുറിച്ച് പ്രതിപക്ഷം സൈന്യത്തോട് തെളിവു ചോദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതിനെ മാത്രമാണ് പ്രതിപക്ഷം ചോദ്യം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയിലൂടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

ആക്രമണത്തിന്റെ ലക്ഷ്യം ആള്‍നാശം ആയിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എസ് എസ് അലുവാലിയയും വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യരെ കൊല്ലുകയായിരുന്നില്ല മറിച്ച് പാക്കിസ്ഥാനെ ഭയപ്പെടുത്തുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. എന്നാല്‍, അവിടെയുള്ള ഭീകരരെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് രാജ്യം വിശ്വസിച്ചിരുന്നത്. കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കുക സര്‍ക്കാരാണ് എന്നാണ് വ്യോമസേനാ മേധാവി പറഞ്ഞത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി വിശ്വസനീയമായ കണക്കുകളും വസ്തുതകളുമായി രംഗത്തുവരണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തിന്റെ വിശ്വസനീയത സംരക്ഷിക്കാനും ജനങ്ങളുടെ ആശങ്കകള്‍ ഇല്ലാതാക്കാനും ഇത് അനിവാര്യമാണ്. പാക്കിസ്ഥാനെതിരായ സൈനിക നടപടികൊണ്ട് രാഷ്ട്രീയനേട്ടം ഉണ്ടാകുമെന്നു പറഞ്ഞത് ബിജെപിയുടെ നേതാവാണ്. തുടര്‍ന്ന് ഒളിഞ്ഞും തെളിഞ്ഞും അവര്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അതു ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിനുമേല്‍ പ്രധാനമന്ത്രി കുതിരകയറുകയാണ്. കോണ്‍ഗ്രസും രാജ്യം മുഴുവനും സൈന്യത്തോടൊപ്പം നില്ക്കുകയാണെന്നും വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ധീരസാഹസികതയെ രാജ്യവും കോണ്‍ഗ്രസും അഭിമാനത്തോടെ കാണുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.