ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ വിശ്വാസികള്‍ കേജ്രിവാളിനൊപ്പമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ അരവിന്ദ് കേജ്രിവാളും മൂന്നു മന്ത്രിമാരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പിണറായി ഉള്‍പ്പെടെ നാല് സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

നാല് മുഖ്യമന്ത്രിമാരും പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണറെ കാണാന്‍ നാല് പേരും അനുവാദം ചോദിച്ചിരുന്നെങ്കിലും അദ്ദേഹം ഇപ്പോള്‍ വീട്ടിലില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.

നീതി ആയോഗ് യോഗത്തിനെത്തിയതായിരുന്നു നാല് മുഖ്യമന്ത്രിമാരും. കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ക്കൊപ്പം പിണറായി വിജയനും മമത ബാനര്‍ജിയും ആദ്യം ആന്ധ്രപ്രദേശ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്.

ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് പോയി നാല് മുഖ്യമന്ത്രിമാരും കുടുംബാംഗങ്ങളുമായി സംസാരിച്ചു. പിന്നീട് ലഫ്റ്റനന്റ് ഗവര്‍ണറുടെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതിന് അനുവാദം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ അത് നടന്നില്ല.

എന്നാല്‍ പിണറായി വിജയന്‍, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി എന്നിവരെ കാണാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ തയ്യാറാകാതിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടാണ് എന്നാണ് അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഭരണഘടന പ്രകാരം ഡല്‍ഹി മുഖ്യമന്ത്രിയുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് അരവിന്ദ് കെജ്രിവാളിന്റെ വസതി സന്ദര്‍ശിച്ച ശേഷം കേരള മുഖ്യമന്ത്രിയും പിണറായി വിജയന്‍ പറഞ്ഞു. നാല് മുഖ്യമന്ത്രിമാരും അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലെത്തിയത് അദ്ദേഹത്തോ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

നീതി ആയോഗിന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തിനായി ഡല്‍ഹിയിലെത്തി കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചീഫ്‌സെക്രട്ടറി പോള്‍ ആന്റണിയും ഉണ്ടായിരുന്നു. കര്‍ണ്ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മില്‍ കണ്ടിരുന്നെങ്കിലും പരസ്പരം ഒന്നും മിണ്ടാതെ ചിരിക്കുക പോലും ചെയ്യാതെയാണ് പിരിഞ്ഞത്.

രാത്രിയിലാണ് യോഗം നടന്നത്. ഇവിടെ നിന്ന് നാല് പേരും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് പോയി. പിന്നീട് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയിലെത്തി സമരം ചെയ്യുന്ന ഡല്‍ഹി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണുമെന്നാണ് ലഭിക്കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ