scorecardresearch
Latest News

ശബരിമലയില്‍ നിയമനിര്‍മ്മാണം വേണം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ശ്രീധരന്‍പിള്ള

അതേസമയം, ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമോ എന്ന കാര്യത്തില്‍ ബിജെപി പ്രതികരിക്കുന്നില്ല

ps Sreedharan Pillai, പിഎസ് ശ്രീധരൻ പിളള, BJP, ബിജെപി, ie malayalam, ഐഇ മലയാളം

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിയമനിര്‍മ്മാണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയാണ് പ്രധാന വിഷയമായത്. നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാനം തയ്യാറാകണം. അതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.

Read More: ‘ഈ നിലപാടാണ് ശരി’; ശബരിമല വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതി

ശബരിമല യുവതീ പ്രവേശനത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നാണ് യുഡിഎഫും പറയുന്നത്. എന്നാല്‍, എല്‍ഡിഎഫ് അതിന് എതിരാണ്. എന്തായാലും നിയമനിര്‍മ്മാണമാണ് ബിജെപി ആവശ്യപ്പെടുന്നത്. അതിനായി നിയമസഭാ സമ്മേളനം വിളിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. നാമജപം ചൊല്ലി പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമോ എന്ന കാര്യത്തില്‍ ബിജെപി പ്രതികരിക്കുന്നില്ല. കേന്ദ്രമന്ത്രിയും കേരളത്തിലെ ബിജെപി നേതാവുമായി വി.മുരളീധരന്‍ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

Read More: ശബരിമല യുവതീപ്രവേശനം; ഓര്‍ഡിനന്‍സിനെ കുറിച്ച് വ്യക്തത നല്‍കാതെ മുരളീധരന്‍

ശബരിമല വിഷയം ബിജെപി പ്രകടന പത്രികയില്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതായി വി.മുരളീധരന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി. ശബരിമല യുവതീ പ്രവേശനത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുരളീധരന്‍. ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപി അധ്യക്ഷനുമായും പ്രധാനമന്ത്രിയും നിയമമന്ത്രിയുമായും ആലോചിച്ച് ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കും. കോടതിയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യും. യുവതീ പ്രവേശനത്തില്‍ പരിഹാരം കണ്ടെത്താന്‍ മുന്‍കൈ എടുക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഓര്‍ഡിനന്‍സ് ഇറക്കുമോ എന്ന് മുരളീധരന്‍ ഉറപ്പിച്ച് പറഞ്ഞില്ല.

അതേസമയം, ശബരിമല വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാടാണ് ശരിയെന്ന് സിപിഎം സംസ്ഥാന സമിതി നേരത്തെ വിലയിരുത്തിയിരുന്നു. ശബരിമല വിഷയത്തില്‍ ഈ നിലപാടേ എടുക്കാന്‍ കഴിയൂ. നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സമിതിയില്‍ വിലയിരുത്തല്‍. ബിജെപിയിലേക്ക് വോട്ട് ചോര്‍ന്നിട്ടുണ്ട്. നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാന്‍ തീവ്രമായ ശ്രമം ആവശ്യമാണ്. ബിജെപി ഉണ്ടാക്കിയ തെറ്റിദ്ധാരണകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കാന്‍ സാധിക്കാത്തത് രാഷ്ട്രീയ വീഴ്ചയാണ്. ശബരിമല വിഷയത്തില്‍ തെറ്റിദ്ധാരണ നീക്കി മുന്നോട്ട് പോകണമെന്നും സംസ്ഥാന സമിതിയില്‍ വിലയിരുത്തലുണ്ടായി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bjp demands special assembly meets for sabarimala women entry