കണ്ണൂർ: മാഹിയില്‍ കൊല്ലപ്പെട്ട സിപിഎം, ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിന്റെ മൃതദേഹം പള്ളൂരിലെ വീട്ടുവളപ്പിലും ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ മൃതദേഹം പെരിങ്ങായിടിലെ വീട്ടുവളപ്പിലുമാണ് സംസ്‌കരിച്ചത്. വിലാപയാത്രക്കിടെ തുടങ്ങിയ സംഘര്‍ഷം പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്.

മാഹിക്ക് സമീപം പള്ളൂരിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം നടന്നു. ഓഫീസ് കെട്ടിടത്തിന് അക്രമി സംഘം തീവച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പും അക്രമി സംഘം അഗ്നിക്കിരയാക്കി. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രാദേശിക നേതാക്കൾ ആരോപിച്ചു.

തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്‍റെ വിലാപയാത്രയ്ക്കെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നാണ് ബിജെപി ആരോപണം. സിപിഎം ലോക്കൽ കമ്മിറ്റി നേതാവും മുൻ കൗൺസിലറുമായ ബാബു കണ്ണിപ്പൊയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സംഘർഷം ആരംഭിക്കുന്നത്.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് അജ്ഞാതരായ സംഘം ബാബുവിനെ വെട്ടി വീഴ്ത്തിയത്. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ന്യൂമാഹിയിൽ നടന്ന ആർഎസ്എസ് – സിപിഎം സംഘർഷത്തിൽ ആർഎസ്എസ് നേതാവ് ഷമേജ് കൊല്ലപ്പെട്ടു. സിപിഎം, ആർഎസ്എസ് പരസ്‌പരം പഴിചാരിയ സംഭവത്തിൽ കണ്ണൂർ ജില്ലയിൽ ഇന്ന് സിപിഎം ഹർത്താല്‍ നടക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.