കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിന് പിന്നാലെ ചർച്ചയായി ബിജെപി നഗരസഭാ കൗൺസിലറുടെ പ്രസംഗം. പുന്നോലിലെ ബിജെപി-സിപിഎം സംഘർഷത്തിനു പിന്നാലെ തലശ്ശേരി നഗരസഭയിലെ ബിജെപി കൗൺസിലർ ലിജേഷ് നടത്തിയ പ്രസംഗമാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരാഴ്ച മുൻപ് നടത്തിയ പ്രസംഗമാണിത്.
“ക്ഷേത്രത്തില്‍ വച്ച് സിപിഎമ്മിന്‍റെ കൊടുംക്രിമിനലുകളായ രണ്ട് പേര്‍ നേതൃത്വം നല്‍കി കൊണ്ട് നമ്മുടെ സഹപ്രവര്‍ത്തകരെ അതിക്രൂരമായി ആക്രമിച്ച സംഭവം വളരെ വൈകാരികമായിട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവെച്ചാല്‍ അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്ക് എല്ലാവര്‍ക്കുമുണ്ട്.
ഏതു രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലങ്ങളിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇവിടെയുള്ള സിപിഎമ്മിന്റെ നേതാക്കള്‍ക്ക് നന്നായിട്ട് അറിയാം. പക്ഷേ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് കൊടുംക്രിമിനലുകളായിട്ടുള്ള രണ്ടുപേരുടെ തോന്നാസ്യത്തിന് നമ്മുടെ നാട് അശാന്തമാക്കേണ്ടതില്ല എന്നുള്ള ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ്, ഇതു ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുന്നതിനാണ് ഈ പ്രകടനം നടത്തിയത്” ബിജെപി കൗൺസിലര്‍ പ്രസംഗത്തിൽ പറഞ്ഞു. ഈ വീഡിയോ പ്രാദേശിക ബിജെപി പ്രവർത്തകർ അന്ന് വ്യാപകമായി പങ്കുവച്ചിരുന്നു.
ഈ വീഡിയോ ചൂണ്ടിക്കാട്ടിയാണ് കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം സിപിഎം നേതാക്കൾ ഉൾപ്പെടെ ഉന്നയിക്കുന്നത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സിപിഎം പ്രവർത്തകൻ ഹരിദാസനെ നാലംഗ സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിലാണ് രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ആക്രമിച്ചത്. ഹരിദാസന്റെ ഒരു കാൽ വെട്ടിമാറ്റിയ നിലയിലായിരുന്നു. ശരീരത്തിലും നിരവധി മുറിവുകളുണ്ടായിരുന്നു. ഹരിദാസന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ ഹരിദാസന്റെ സഹോദരൻ സുരനും വെട്ടേറ്റു.
Also Read: കൊലപാതകം ആസൂത്രിതം, ആർഎസ്എസിന്റെ ലക്ഷ്യം സമാധാന അന്തരീക്ഷം തകർക്കൽ: വിജയരാഘവൻ