ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലം വലിക്കുന്ന സമീപനമാണ് എന്‍എസ്എസില്‍ നിന്നുണ്ടായതെന്ന് ബിജെപി വിലയിരുത്തല്‍. എന്‍എസ്എസ് പ്രതിനിധി കൊട്ടാരക്കര സബ് ജയിലിലെത്തി പിന്തുണയുണ്ടാകുമെന്ന് വാക്ക് തന്നതാണെന്നും എന്നാല്‍ പിന്നീട് പാലം വലിക്കുന്ന സമീപനമാണ് കാട്ടിയതെന്നും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന കെ.സുരേന്ദ്രന്‍ ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ആരോപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്‍എസ്എസ് സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രതീക്ഷിച്ച വിധം ബിജെപിക്ക് ലഭിച്ചില്ലെന്നും കോര്‍ കമ്മിറ്റി യോഗത്തില്‍ വിലയിരുത്തലുണ്ടായി. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More: വടകരയില്‍ ബിജെപിക്ക് ഗണ്യമായി വോട്ട് വര്‍ധിച്ചില്ല
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ ബിജെപി ദേശീയ നേതൃത്വവും അതൃപ്തി അറിയിച്ചു. രണ്ടോ മൂന്നോ സീറ്റില്‍ വിജയിക്കാന്‍ സംസ്ഥാനത്ത് സാധ്യതകളുണ്ടായിരുന്നു. എന്നാല്‍, ആ സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിലയിരുത്തലാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഉണ്ടായത്. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് പത്തനംതിട്ട മണ്ഡലത്തിലെ പ്രചാരണത്തെ ബാധിച്ചതായും കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ ചില പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബിജെപിയുടെ വോട്ടിങ് ശതമാനം ഏറ്റവും ഉയര്‍ന്നത് കേരളത്തിലാണെന്നും ഇക്കാര്യം ദേശീയ നേതൃത്വം പ്രത്യേകം പരാമര്‍ശിച്ചതായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
Read More: കേരളത്തിലടക്കം ബിജെപിക്കാർ പ്രവർത്തിക്കുന്നത് ജീവൻ പണയം വച്ച്; വീണ്ടും ആരോപണവുമായി മോദി
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തെ മുന്‍നിര്‍ത്തി നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് കെ.സുരേന്ദ്രന്‍ കോര്‍ കമ്മിറ്റിയില്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ, പി.എസ്.ശ്രീധരന്‍പിള്ളയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകളിൽ ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ, കേരളത്തിലെ 20 സീറ്റുകളിൽ ഒന്നിൽ പോലും ബിജെപിക്ക് വിജയിക്കാനായില്ല. സംസ്ഥാനത്ത് കാര്യമായ രീതിയിൽ വോട്ടിങ് ശതമാനം ഉയർത്തിയെങ്കിലും 19 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്തായി. തിരുവനന്തപുരത്ത് മാത്രമാണ് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളും ഉണ്ട്.