തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരം തുടരുന്നു. ബിജെപി മുൻ അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനാണ് ഇന്ന് ഉപവസിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം ഉപവസിച്ചിരുന്നു. ദേശവിരുദ്ധര്‍ക്ക് താവളം ഒരുക്കുന്ന കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കുക എന്ന് ആവശ്യപ്പെട്ടാണ് ഉപവാസ സമരം.

അതേസമയം, പിണറായി സർക്കാരിനെതിരെ നൂതന രീതിയിലൂടെ പ്രതിഷേധിക്കുകയാണ് കോൺഗ്രസ്. സാമൂഹ്യമാധ്യമങ്ങൾ പ്രയോജനപ്പെടുത്തിയാണ് കോൺഗ്രസ് വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്. ‘എക്‌സ്‌പോസിങ് പിണറായി A to Z’ എന്ന ക്യാംപയ്‌നിലൂടെയാണ് കോൺഗ്രസ് പിണറായി വിജയനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Read Also: Kerala Weather Live Updates: ന്യൂനമർദം രൂപംകൊണ്ടു, ഇനിയുള്ള ദിവസങ്ങൾ നിർണായകം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിച്ചും പഠിച്ചും ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് ഈ ക്യാംപയ്‌നിലൂടെ ഉദ്ദേശിക്കുന്നത്. വീഡിയോ ഫോർമാറ്റിലാണ് ‘എക്‌സ്‌പോസിങ് പിണറായി A to Z’ അവതരിപ്പിക്കുക. A മുതൽ Z വരെയുള്ള അക്ഷരമാലാക്രമത്തിൽ 26 മുതൽ 30 വരെ എപ്പിസോഡുകളിലായി കോൺഗ്രസിലെ വിവിധ നേതാക്കളാണ് ഈ വിഷയം വീഡിയോ പരമ്പരയായി അവതരിപ്പിക്കുക.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധ പരിപാടികൾക്കും സമരങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ ഉപയോഗിച്ച് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസും ബിജെപിയും തീരുമാനിച്ചത്. സമരങ്ങൾക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ ഹെെക്കോടതി നീട്ടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.