തിരുവനന്തപുരം: സംസ്ഥാന ബിജെപിക്കുള്ളിലെ അഭിപ്രായ വ്യത്യാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് രൂക്ഷമായി പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങൾ എടുക്കേണ്ട എന്ന് ബിജെപി അധ്യക്ഷൻ തുറന്നടിച്ചു.
ശോഭ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇല്ലല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് കൈ കൂപ്പിയാണ് സുരേന്ദ്രൻ പ്രതികരിച്ചു തുടങ്ങിയത്. വേറെ ചോദ്യം ചോദിക്കാനും മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.
“ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങൾ എടുക്കേണ്ട. അവർക്ക് പറയാനുള്ളത് എന്നോട് പറയും,” സുരേന്ദ്രൻ പറഞ്ഞു. മാധ്യമങ്ങൾ പാർട്ടിയുമായി ബന്ധപ്പെടുത്തി വ്യാജ വാർത്തകളാണ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ശോഭ സുരേന്ദ്രൻ പ്രചാരണ രംഗത്തില്ലല്ലോ,’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ഇവിടെ പ്രചാരണ രംഗത്ത് ഇല്ലല്ലോ,’ എന്ന മറുചോദ്യമാണ് സുരേന്ദ്രൻ ഉന്നയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മാധ്യമങ്ങൾ തേടേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മികച്ച പ്രകടനം നടത്തുമെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. “സംസ്ഥാനത്ത് പലയിടത്തും എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ പലയിടത്തും യുഡിഎഫ് അപ്രസക്തമാണ്. എൽഡിഎഫും എൻഡിഎയും തമ്മിലാണ് യഥാർഥ മത്സരം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫിനെ ശക്തമായി നേരിടുന്നത് ബിജെപിയും എൻഡിഎയുമാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് മനസിലാകും,” സുരേന്ദ്രൻ കൂട്ടിച്ചേർത്തു.