കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ ആരോപണങ്ങൾ നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വസ്തുതയില്ലാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്. രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. നുണപ്രചാരണത്തിലൂടെ പുകമറ സൃഷ്ടിക്കാൻ സിപിഎം മനഃപൂർവ്വം ശ്രമിക്കുകയാണെന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ട അന്നു തന്നെ ബിജെപിക്ക് ഇതുമായി ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞിരുന്നു. ബിജെപിയുടെ പണമാണെങ്കിൽ എന്തിനാണ് കേസ് കൊടുക്കുന്നത്. ബിജെപിയുടെ പണം അല്ലാത്തതു കൊണ്ടാണ് കേസ് ശരിയായ രീതിയിൽ അന്വേഷിക്കണമെന്നും കവർച്ചയ്ക്കു പിന്നിലുളളവരെ പിടികൂടണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നത്. കേസുമായി ബിജെപി പൂർണമായും സഹകരിക്കുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് സമയത്ത് 38 കോടിയുടെ കള്ളപ്പണം കേരളത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. ഒരു രാഷ്ട്രീയ പാർട്ടിയും കേസ് കൊടുത്തില്ല. സിപിഎം, കോൺഗ്രസ്, ലീഗ് അടക്കം എല്ലാ പാർട്ടികളുടെയും പണം ഇതിലുണ്ട്. ഡോളര്‍കടത്തും സ്വര്‍ണ്ണക്കടത്ത് കേസും അടക്കമുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ ആസൂത്രിത നീക്കം നടക്കുന്നത്. സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കളാരും അന്വേഷണത്തിൽ നിന്ന് ഒളിച്ചോടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
യാതൊരു മനഃസാക്ഷിയുമില്ലാതെ എത്രയോ ദിവസമാണ് മാധ്യമങ്ങൾ വാർത്ത കൊടുത്തത്. തൃശൂരിലെ ബിജെപി നേതാക്കളാണ് ഇതിനു പിന്നിലെന്ന്. മാധ്യമങ്ങൾ കൊടുത്ത വാർത്തയിൽ എന്തെങ്കിലും സത്യമുണ്ടായിരുന്നോ?. സിപിഎമ്മിന് വേണ്ടി ബിജെപിക്കെതിരെ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങൾ ഈ നാട്ടിൽ നിയമവാഴ്ചയുണ്ടെന്ന് ഓർക്കുന്നത് നല്ലത്.
കവർച്ച അന്വേഷിക്കാൻ തുടങ്ങിയിട്ട് രണ്ടു മാസമായി. ഇതുമായി ബന്ധമില്ലാത്ത ബിജെപി നേതാക്കളെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി. ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടാത്ത ആളുകളെയാണ് പൊലീസ് വിളിപ്പിക്കുന്നത്. കാണാതായ പണം കണ്ടെത്താൻ എന്തുകൊണ്ടാണ് പൊലീസിന് കഴിയാത്തത്. ബിജെപി നേതാക്കളെ ചോദ്യം ചെയ്ത ശേഷം എന്ത് വിവരമാണ് പൊലീസിന് കിട്ടിയതെന്നും സുരേന്ദ്രൻ ചോദിച്ചു.
ഒന്നും ഒളിച്ച് വയ്ക്കാനില്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കൾ നെഞ്ച് വേദന അഭിനയിക്കുകയോ കോവിഡ് പോസിറ്റീവാണെന്ന് പറയുകയോ തലയിൽ മുണ്ടിടുകയോ ചെയ്യാതെ അന്വഷണ സംഘത്തിന് മുന്നിലെത്തുന്നത്. സത്യം തെളിയിക്കാനാണ് അന്വേഷണമെങ്കിൽ അതിനോട് സഹകരിക്കും.
ആരോ ഒരാളുടെ ശബ്ദരേഖ പുറത്തുവിട്ട് സി.കെ.ജാനുവിനെ അപമാനിക്കുകയാണ്. എന്നെ ആക്ഷേപിക്കാനാണെങ്കിൽ വേറെ വഴികളുണ്ട്. കേരളത്തിലെ ആയിരക്കണക്കിന് ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകയെയാണ് ആക്ഷേപിക്കുന്നത്. ജാനുവും ഞാനും തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല. സി.കെ.ജാനു എന്നോട് പണം ചോദിക്കുകയോ ഞാൻ കൊടുക്കുകയോ ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പിൽ അവർ ഞങ്ങളുടെ സ്ഥാനാർഥിയായിരുന്നു. ജാനു മത്സരിച്ച മണ്ഡലത്തില്‍ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.