/indian-express-malayalam/media/media_files/uploads/2018/10/amit-amit-shah-7591.jpeg)
തിരുവനന്തപുരം: മണ്ഡലകാലത്ത് മല ചവിട്ടാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും എത്തിയേക്കും. ശബരിമലയിൽ ദർശനം നടത്താൻ അമിത് ഷാ ആഗ്രഹം പ്രകടിപ്പിച്ചതായി മുതിർന്ന നേതാവ് പിടിഐയോട് പറഞ്ഞു. 'ശബരിമല സന്ദർശിക്കാനുളള ആഗ്രഹം അമിത് ഷാ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ല', മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാനുളള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ തടയാൻ പ്രതിഷേധക്കാർക്ക് ബിജെപിയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശബരിമലയിൽ ദർശനം നടത്താനുളള ആഗ്രഹവും ഷാ പാർട്ടി പ്രവർത്തകനുമായി പങ്കുവച്ചത്.
ശബരിമലയിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തിയ അമിത് ഷാ കേരളത്തിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുളളതെന്നും സർക്കാർ തീകൊണ്ട് കളിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.
ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 3,505 പേരെയാണ് അറസ്റ്റ് ചെയ്തത്. ആകെ 529 കേസുകളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരിൽ 122 പേരെ പൊലീസ് റിമാന്റ് ചെയ്തു. ശേഷിച്ചവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പൊതുമുതൽ നശിപ്പിച്ചതും, സ്ത്രീകളെ ആക്രമിച്ചതുമായ കേസുകളിൽ കുറ്റക്കാരെന്ന് പൊലീസ് കണ്ടെത്തിയവരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്.
ശബരിമലയിലെ ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് എൻഡിഎയുടെ നേതൃത്വത്തിൽ രഥയാത്ര സംഘടിപ്പിക്കും. നവംബർ എട്ടിന് കാസർഗോഡുനിന്ന് ആരംഭിക്കുന്ന രഥയാത്ര ശബരിമലയിൽ അവസാനിക്കും. തിരുവനന്തപുരത്തെ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഓഫിസിനു മുന്നിൽ നിരാഹാര സമരം ഉൾപ്പെടെയുളള പ്രതിഷേധ പരിപാടികളും ബിജെപി ആലോചിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.