കൊച്ചി: ഇടതു വലത് മുന്നണികള്‍ കേരളത്തിന് ഭാരവും ശാപവും ബാധ്യതയുമാണെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം നടത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയെ ദേശീയ നേതൃത്വമാണ് പ്രഖ്യാപിക്കുക. സീറ്റ് ആര്‍ക്ക് വേണമെന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി പാലാ സീറ്റില്‍ മത്സരിക്കുക ബിജെപിയായിരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മുന്നണി ഐക്യകണ്ഠേനയെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ ആറിന് പാലായില്‍ വച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.
Read Also: പാലാ ഉപതിരഞ്ഞെടുപ്പ്: നിഷയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു
സാധ്യതാ പട്ടിക ഉടൻ തന്നെ ദേശീയ നേതൃത്വത്തിന് കെെമാറും. അതിനുശേഷം കേന്ദ്ര നേതൃത്വം തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എൻഡിഎയുടെ നേതൃയോഗം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നത് ഘടകകക്ഷികള്‍ ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പിസി ജോർജും പ്രതികരിച്ചു.
കേരളാ കോൺഗ്രസ് പി.സി.തോമസ് വിഭാഗത്തിന് പാലാ സീറ്റ് നൽകുമെന്ന തരത്തിൽ നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ, സീറ്റ് ഏറ്റെടുക്കാൻ ബിജെപി തീരുമാനിച്ചതോടെ പി.സി.തോമസിന്റെ സാധ്യതകൾ അസ്തമിച്ചു. മുന്നണി നിർബന്ധിച്ചാൽ പാലായിൽ മത്സരിക്കാൻ തയ്യാറാണെന്ന പി.സി.തോമസ് പറയുകയും ചെയ്തിരുന്നു.
എൻസിപിയിൽ നിന്നുള്ള മാണി സി.കാപ്പനാണ് പാലായിൽ എൽഡിഎഫ് സ്ഥാനാർഥി. മാണി സി.കാപ്പൻ ഇതിനോടകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. യുഡിഎഫ് സ്ഥാനർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കേരളാ കോൺഗ്രസിന് അവകാശപ്പെട്ട സീറ്റിൽ നിഷ ജോസ് കെ.മാണി സ്ഥാനാർഥിയാകണമെന്ന് ജോസ് കെ.മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പി.ജെ.ജോസഫ് വിഭാഗം എതിർപ്പ് തുടരുന്നതിനാൽ സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകുകയാണ്.