തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ എസ്.സുരേഷാണ് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥി. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന് സ്ഥാനാര്‍ഥിയാകുമെന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കുമ്മനവും വ്യക്തമാക്കി. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥി മാറി.
ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന കോന്നിയിൽ കെ.സുരേന്ദ്രനാണ് ബിജെപി സ്ഥാനാർഥി. മത്സരിക്കാൻ താൽപര്യമില്ലെന്നു സുരേന്ദ്രൻ പലപ്പോഴായി ആവർത്തിച്ചെങ്കിലും വിജയപ്രതീക്ഷയുള്ള സീറ്റിൽ ജനകീയ പരിവേഷമുള്ള നേതാവ് മത്സരിക്കണമെന്നു ബിജെപിക്കു നിർബന്ധമുണ്ടായിരുന്നു. ഒടുവിൽ പാർട്ടിയിൽ നിന്നുള്ള സമ്മർദത്തെ തുടർന്നു കോന്നിയിൽ മത്സരിക്കാനുള്ള സന്നദ്ധത സുരേന്ദ്രൻ അറിയിച്ചു.
Read Also: പാലാ ഊര്‍ജ്ജമാക്കി എല്‍ഡിഎഫ്; രണ്ട് മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി പ്രചാരണത്തിനെത്തും
മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാറാണു ബിജെപി സ്ഥാനാർഥി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ നിന്നു ജനവിധി തേടിയ നേതാവാണു രവീശതന്ത്രി കുണ്ടാർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് തോറ്റത് 89 വോട്ടുകൾക്കാണ്. മഞ്ചേശ്വരം മണ്ഡലത്തിലും ബിജെപി വലിയ പ്രതീക്ഷയർപ്പിക്കുന്നു.
അരൂരിൽ കെ.പി.പ്രകാശ് ബാബുവാണ് ബിജെപി സ്ഥാനാർഥി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്നും പ്രകാശ് ബാബു മത്സരിച്ചിരുന്നു. യുവമോർച്ചാ സംസ്ഥാന അധ്യക്ഷനാണ് പ്രകാശ് ബാബു. എറണാകുളത്ത് സി.ജി.രാജഗോപാലാണ് ബിജെപി സ്ഥാനാർഥി.