കൊച്ചി: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തിങ്കളാഴ്ച വരെയാണു സമയം.. ഇന്നും നാളെയും അവധിയായതിനാല്‍ പത്രിക സ്വീകരിക്കില്ല.

കുമ്മനം രാജശേഖരനെയും കെ.സുരേന്ദ്രനെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുവരും മത്സരിക്കാനില്ലെന്ന് അറിയിച്ചെങ്കിലും  വിജയപ്രതീക്ഷയുള്ള സീറ്റുകളില്‍ ജനകീയ പരിവേഷമുള്ള സ്ഥാനാര്‍ഥികള്‍  മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം.

Read Also: ശബരിമല യുവതീപ്രവേശന വിധിക്ക് ഒരാണ്ട്; അവസാനിക്കാതെ വിവാദങ്ങള്‍

കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവിലും കെ.സുരേന്ദ്രനെ കോന്നിയിലുമാണ് പരിഗണിക്കുന്നത്. രണ്ട് സീറ്റിലും ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ട്. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തെത്തിയതുമാണ്. അന്ന് കുമ്മനമായിരുന്നു സ്ഥാനാര്‍ഥി. ഇത്തവണയും കുമ്മനം മത്സരിക്കണമെന്നാണ് പ്രാദേശിക നേതാക്കളും ആവശ്യപ്പെടുന്നത്. ബിഡിജെഎസ് ഇല്ലെങ്കില്‍ അരൂരില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.പി.പ്രകാശ് ബാബുവായിരിക്കും സ്ഥാനാര്‍ഥി.

കഴിഞ്ഞദിവസം നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലും മത്സരിക്കാൻ താൽപര്യമില്ലെന്ന് കെ.സുരേന്ദ്രൻ ആവർത്തിച്ചിരുന്നു. യോഗം അവസാനിക്കും മുൻപ് സുരേന്ദ്രൻ മടങ്ങിയതും വാർത്തയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ ഇനി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രൻ പറയുന്നത്. എന്നാൽ, വിജയസാധ്യത കണക്കിലെടുത്ത് നിർബന്ധമായും സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി ആവശ്യപ്പെടും.

കുമ്മനത്തെ അനുനയിപ്പിക്കാൻ ആർ‌എസ്‌എസിനോട് ബിജെപി ആവശ്യപ്പെട്ടേക്കും. ആർ‌എസ്‌എസിൽ നിന്ന് സമ്മർദമുണ്ടായാൽ കുമ്മനം മത്സരിക്കാൻ സാധ്യതയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.