ആലപ്പുഴ: വനിതാ മതിലിന് ബിഡിജെഎസും പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി വെളളാപ്പളളി നടേശൻ. ബിജെപിയിൽ പണപ്പിരിവും ഗുണ്ടായിസവും മാത്രമാണ് നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

“എനിക്കെതിരെ സോഷ്യൽ മീഡിയയിലടക്കം ബിജെപി പ്രവർത്തകർ വലിയ തോതിൽ ആക്രമണം നടത്തുകയാണ്. മറ്റ് പാർട്ടികളിൽ നിന്ന് നേരിടാത്ത ആക്രമണമാണ് ഇപ്പോൾ ബിജെപി നടത്തുന്നത്. ഇങ്ങിനെയാണെങ്കിൽ ഒരു നൂറ് വർഷം കഴിഞ്ഞാലും ഇവർ അധികാരത്തിലെത്തില്ല,” അദ്ദേഹം പറഞ്ഞു.

“എന്റെ ഭാര്യയും തുഷാറിന്റെ ഭാര്യയും വനിതാ മതിലിൽ പങ്കെടുക്കും. എല്ലാ എസ്എൻഡിപി പ്രവർത്തകരും മതിലിൽ അണിനിരക്കും. ബിജെപി നിലപാടല്ല ബിഡിജെഎസിന്റേത്. ബിജെപിയിൽ പണപ്പിരിവും ഗുണ്ടായിസവും മാത്രമാണ് നടക്കുന്നത്,” അദ്ദേഹം ആരോപിച്ചു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്, സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന വനിതാ മതിലിന് ബിജെപിയുടെ സഖ്യകകക്ഷിയായ ബിഡിജെഎസ് ഇന്നാണ് പിന്തുണ പ്രഖ്യാപിച്ചത്. വനിതാ മതിലിൽ പങ്കെടുക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി പറഞ്ഞു.

വനിതാ മതിൽ ശബരിമലയ്ക്ക് എതിരല്ലെന്നും അതിനാലാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ ജ്യോതിയിൽ നിന്ന് വിട്ടുനിന്നതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്ന് തുഷാർ വെളളാപ്പള്ളി പറഞ്ഞു. ബിജെപിയോ എൻഡിഎയോ നടത്തിയ പരിപാടിയല്ല അയ്യപ്പ ജ്യോതിയെന്നാണ് തുഷാർ ഇതിന് മറുപടി നൽകിയത്. ശബരിമല വിഷയത്തിൽ എൻഡിഎ നടത്തുന്ന പരിപാടിയിൽ മാത്രം സഹകരിച്ചാൽ മതിയെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.