തിരുവനന്തപുരം: കല്ലിയൂരില്‍ ദലിത് അധ്യാപികയെ ക്രൂരമായി മര്‍ദ്ദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ദലിത് അധ്യാപികയുടെ കല്ലിയൂരിലെ വസതി സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം അത്യന്തം പ്രതിഷേധാര്‍ഹമാണ്. കേരളം പോലുള്ളൊരു സംസ്ഥാനത്ത് ജാതീയ വിവേചനവും അതിന്‍റെ പേരിലുള്ള മര്‍ദ്ദനവും അനുവദിക്കാനാവില്ല. സ്ത്രീകള്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനും ഏത് സമയത്തും ജോലി ചെയ്യാനും സൗകര്യമുണ്ടാകണം. വീടുകളില്‍ ട്യൂഷനെടുത്ത് ഉപജീവനം നടത്തുന്ന പാവപ്പെട്ട അധ്യാപികയെ ബിജെപി നേതാവിന്‍റെ നേതൃത്വത്തില്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തോടെ ബിജെപിയുടെ തനിനിറമാണ് പുറത്തുവന്നത്. സവര്‍ണ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ബിജെപിയുടെ ദലിത് വിഭാഗങ്ങളോടുള്ള സമീപനമാണ് ഇത് വ്യക്തമാക്കുന്നത്. കല്ലിയൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ ബിജെപി നേതാവിന്‍റെ നേതൃത്വത്തിലാണ് മര്‍ദ്ദനം നടന്നത്. സംഭവത്തില്‍ ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണം. ഇത്തരം സംഭവങ്ങളെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ സംഭവത്തിലുള്‍പ്പെട്ടവരെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ ബിജെപി നേതൃത്വം തയ്യാറാകണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ജാതീയ വിവേചനങ്ങള്‍ക്കുമതിരെ സമൂഹമനഃസാക്ഷി ഉണരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എ.എന്‍.ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം എസ്.കെ.പ്രീജ, സിപിഐ എം ഏരിയ സെക്രട്ടറി കല്ലിയൂര്‍ ശ്രീധരന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ