കോഴിക്കോട്: മുസ്‌ലിങ്ങൾക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി കോഴിക്കോട് കുറ്റ‌്യാടിയിൽ ബിജെപി നടത്തിയ പ്രകടനം ഒറ്റപ്പെട്ട സംഭവം മാത്രമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ്. “ആയിരങ്ങൾ അണിചേർന്ന പ്രകടനത്തിൽ ഏതാനും ചിലർ മാത്രമാണ് അങ്ങനെ മുദ്രാവാക്യം വിളിച്ചത്. അത് ഒറ്റപ്പെട്ട സംഭവമാണ്. വികാരത്തള്ളിച്ചയിൽ വന്നതാണ് ആ മുദ്രാവാക്യങ്ങൾ. അത്തരം മുദ്രാവാക്യങ്ങളോട് ബിജെപിക്ക് യോജിപ്പില്ല. അതിനെ നേരത്തെ തന്നെ ബിജെപി തള്ളിപറഞ്ഞിട്ടുള്ളതാണ്. ആരാണ് അത്തരം മുദ്രാവാക്യങ്ങൾ വിളിച്ചതെന്ന് പാർട്ടി പരിശോധിക്കും” എം.ടി.രമേശ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിങ്കളാഴ്‌ച വൈകീട്ട് നടത്തിയ ദേശരക്ഷാ മാര്‍ച്ചിലാണ് ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. ‘രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത്’ എന്ന ആഹ്വാനവുമായിട്ടായിരുന്നു പരിപാടി. ‘ഓർമയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളേ…’എന്നിങ്ങനെയുള്ള വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ബിജെപി പ്രവർത്തകർ വിളിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് വിദ്വേഷ പ്രകടനം.

Read Also: അതിരാവിലെ സെക്‌സോ? ഗുണങ്ങൾ ചില്ലറയല്ല

സംഭവത്തിൽ ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തു. മതസ്പർധ വളർത്തുന്ന തരത്തിൽ പ്രകോപനപരമായ പ്രകടനം നടത്തിയതിനാണു കേസെടുത്തതെന്നു സിഐ എൻ.സുനിൽ കുമാർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വടകര റൂറൽ എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നു കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുല്ല ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബിജെപി പരിപാടിക്കെതിരെ കുറ്റ‌്യാടിയിൽ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. ബിജെപിയുടെ മാര്‍ച്ച് തുടങ്ങും മുന്‍പേ നിരവധി വ്യാപാരികൾ കട അടച്ചുപോയി. ഓട്ടോ ടാക്‌സി തൊഴിലാളികളടക്കം സ്ഥലത്തുനിന്ന് മാറിയിരുന്നു. പ്രദേശവാസികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. കോഴിക്കോട് ജില്ലയിലെ തന്നെ നരിക്കുനിയിലും കടകള്‍ അടച്ചാണു വ്യാപാരികള്‍ ബിജെപി പരിപാടിയോട് പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.