ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് വി. മുരളീധരന്‍ രാജ്യസഭയിലേക്ക്. വി. മുരളീധരന് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കുക. മറ്റ് 18 സ്ഥാനാര്‍ത്ഥികളുടേയും പട്ടിക ബിജെപി തയ്യാറാക്കിയിട്ടുണ്ട്.

എന്‍ഡിഎ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്ന് മത്സരിക്കും. ജിവിഎല്‍ നരസിംഹറാവു ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കും. അതേസമയം കേരളത്തിലെ എന്‍.ഡി.എ ഘടകകക്ഷി ബി.ഡി.ജെ.എസിന്റെ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് ലഭിക്കില്ല. തുഷാറിന് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം ശക്തമായി രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയിലെ സജീവ നേതാക്കളെ അവഗണിച്ച് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കിയാല്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉന്നയിച്ചതായാണ് സൂചന.

കേരളത്തില്‍ നിന്ന് രണ്ട് എം.പി സ്ഥാനവും ഒരു കേന്ദ്രമന്ത്രി പദവിയും നേരത്തെ നല്‍കിയെങ്കിലും പാര്‍ട്ടിയിലെ സജീവ നേതാക്കളെ പരിഗണിച്ചിരുന്നില്ല. ഇതില്‍ സംസ്ഥാന നേതൃത്വത്തിന ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ബി.ഡി.ജെ.എസിന് എം.പി സ്ഥാനം ഉള്‍പ്പെടെ പ്രധാന പദവികള്‍ നല്‍കുമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്ത് രണ്ട് ദിവസത്തിനകമാണ് മുരളീധരന് നറുക്ക് വീണത്. ബിജെപി സംസ്ഥാന നേതൃത്വത്തിന് കിട്ടിയ അംഗീകാരമാണിതെന്ന് മുരളീധരന്‍ വ്യക്തമാക്കി.

2010-15 കാലയളവില്‍ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു മുരളീധരന്‍. തലശേരി ബ്രണ്ണന്‍ കോളജിലെ പഠന കാലയളവില്‍ എ.ബി.വി.പിയിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ നേതാവാണ് മുരളീധരന്‍. 1996ല്‍ എ.ബി.വി.പിയുടെ അഖിലേന്ത്യാ സെസ്രട്ടറിയായ മുരളീധരന്‍ പിന്നീട് ബി.ജെ.പിയുടെ നേതൃനിരയിലേക്ക് എത്തുകയായിരുന്നു.

ബിജെപിയുടെ മറ്റ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍:-

1. സരോജ് പാണ്ഡെ- ചത്തീസ്ഗഢ്

2. അനില്‍ ബലൂനി- ഉത്തരാഖണ്ഡ്

3. കിരോരി ലാല്‍ മീന- രാജസ്ഥാന്‍

4. മഥന്‍ലാല്‍ സൈനി- രാജസ്ഥാന്‍

5. നാരായണ്‍ റാണെ- മഹാരാഷ്ട്ര

6. ലെഫ്. ജനറല്‍ ഡിപി വാത്സ്- ഹരിയാന

7. അജയ് പ്രതാപ് സിംഗ്- മധ്യപ്രദേശ്

8. കൈലാശ് സോണി- മധ്യപ്രദേശ്

9. അശോക് ബാജ്പേയ്- ഉത്തര്‍പ്രദേശ്

10. വിജയ്പാല്‍ സിംഗ് തോമര്‍- ഉത്തര്‍പ്രദേശ്

11. സകല്‍ ദീപ് രാജ്ഭര്‍- ഉത്തര്‍പ്രദേശ്

12. കന്ത കര്‍ദം- ഉത്തര്‍പ്രദേശ്

13. ഡോ. അനില്‍ ജെയിന്‍- ഉത്തര്‍പ്രദേശ്

14. ഹര്‍നദ് സിംഗ് യാദവ്- ഉത്തര്‍പ്രദേശ്

15. സമീര്‍ ഉര്‍ണവ്- ജാര്‍ഖണ്ഡ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ