കൊല്ലം: സി.പി.എം - ബി.ജെ.പി സംഘർഷത്തെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബിജെപി പ്രവർത്തകനും റിട്ട. എസ്ഐയുമായ രവീന്ദ്രനാഥിന്റെ മരണത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ഞായറാഴ്ച ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചിതറ കാഞ്ഞിരത്തും മൂട്ടിൽ സിപിഎം- ബിജെപി സംഘർഷത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രവീന്ദ്രനാഥ് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.. തിരുവനന്തപുരം മെഡിക്കൽകോളേജിൽ വച്ചായിരുന്നു അന്ത്യം. തലച്ചോറിനേറ്റ ക്ഷതമാണ് മരണത്തിന് കാരണം.
ഫെബ്രുവരി രണ്ടിന് രാത്രി 11 മണിയ്ക്ക് കാഞ്ഞിരത്തുംമൂട്ടിലെ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തനിടെയാണ് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ രാഷ്ട്രീയവൈരാഗ്യമാണ് വഴക്കിലേക്കും പിന്നീട് കൈയാങ്കളിയിലേക്കും നീങ്ങിയത്. തലയ്ക്ക് അടികിട്ടിയ രവീന്ദനാഥ് സംഭവസ്ഥലത്ത് ബോധരഹിതനായി വീണു. തുടര്‍ന്ന് സമീപവാസികള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.