പയ്യന്നൂർ: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നാളെ ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

ഇന്നു 3 മണിയോടെയാണ് കക്കാംപാറ സ്വദേശി ബിജു വെട്ടേറ്റ് മരിച്ചത്. പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ ധൻരാജിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ബിജു. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

കാക്കംപാറ ആർഎസ്എസ് മണ്ഡൽ കാര്യവാഹക് ആണ് കൊല്ലപ്പെട്ട ബിജു. പയ്യന്നൂർ പാലക്കോട് പാലത്തിന് മുകളിൽ വച്ചാണ് വെട്ടേറ്റത്. വാഹനത്തിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞ ശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനാണ് ബിജുവിന് വെട്ടേറ്റത്. പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപ് തന്നെ മരിച്ചു.

ധനരാജ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് ബിജെപി പ്രവർത്തകൻ കൊല്ലപ്പെടുന്നത്.പയ്യന്നൂർ ധൻരാജ് വധക്കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് സിപിഎം നിരന്തരം പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഎം ഉപരോധിക്കുകയും ചെയ്തിരുന്നു.

കേസിൽ ജാമ്യം ലഭിച്ച ബിജുവടക്കം എല്ലാ പ്രതികൾക്കും കഴിഞ്ഞ ആഴ്ച വരെ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിലും നേരത്തേ പൊലീസ് കാവലുണ്ടായിരുന്നു. പിന്നീട് ഇത് പിൻവലിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വെട്ടേറ്റത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.