കണ്ണൂര്‍: സിപിഎമ്മിനെതിരായ ആരോപണത്തിന്രെ കുന്തമുന ഗവർണർക്കെതിരെ തിരിച്ച് സംസ്ഥാന ബിജെപി ഘടകം. കണ്ണൂരിൽ നടക്കുന്ന അക്രമങ്ങളിൽ ഗവർണർ നിഷ്‌ക്രിയമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്ര് കുമ്മനം രാജശേഖരൻ ആരോപിച്ചു. കണ്ണൂരിലെ ജനങ്ങളുടെ പൗരാവകാശം സംരക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറിയ ശേഷമാണ് ജസ്റ്റിസ് പി.സദാശിവത്തെ കേരള ഗവർണറായി നിയമിച്ചത്. നേരത്തെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ ഗവർണറെ കാണുകയും ഗവർണർ ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയനെ രാജ്‌ഭവനിൽ വിളിച്ചുവരുത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇത് അന്ന് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനാകരുത്. അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ നിഷ്‌ക്രിയനായി ദൃക്‌സാക്ഷിയായി നോക്കിനില്‍ക്കാതെ ഗവര്‍ണറുടെ ഉത്തരവാദിത്വം കാര്യക്ഷമമായി നിര്‍വഹിക്കണം. സംഭവങ്ങളിൽ ഗൗരവമായി ഗവർണർ ഇടപെണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്ര് ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. സിപിഎം ഏകപക്ഷീയമായ അക്രമമാണ് നടത്തുന്നത്. ഈ രീതിയിലാണ് ആക്രമണം തുടര്‍ന്ന്‌ പോകുന്നതെങ്കില്‍ ജനങ്ങളുടെ പൗരാവകാശം സംരക്ഷിക്കാന്‍ കേന്ദ്രം ഇടപെടണം. ആക്രമണം മാത്രമല്ല കൊള്ളയും കൊള്ളിവയ്പ്പും നടത്തുകയാണ്.

സിപിഎം അക്രമത്തിന്റെ സ്വഭാവം മാറ്റിയിരിക്കയാണ്. കൊലയ്ക്കു പകരം കൊല്ലാകൊല ചെയ്യുന്ന പുതിയ രീതിയാണ് ഇവര്‍ പരീക്ഷിക്കുന്നത്. ഇതുകാരണം സിപിഎമ്മിന്റെ അക്രമത്തിന് ഇരയായവര്‍ ജീവിതകാലം മുഴുവന്‍ നരകിച്ച് കഴിയുകയാണ്. അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്നു. കൊലപാതക രാഷ്ട്രീയത്തേക്കാളും ഭയാനകമാണ് കൊല്ലാകൊല. കണ്ണൂരില്‍ പൊലീസും സിപിഎമ്മും യോജിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ അക്രമം അഴിച്ചുവിടുന്നത്. മാലൂരില്‍ സിഐയും എസ്‌ഐമാരും ലോക്കല്‍സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുകയാണ്.

മനുഷ്യാവകാശ കമ്മീഷന്‍ കണ്ണൂരിലെ പ്രശ്‌നങ്ങളില്‍ ഇടപെടണം. പൊലീസില്‍നിന്നും സര്‍ക്കാരില്‍നിന്നും പാര്‍ട്ടിയില്‍നിന്നും മനുഷ്യാവകാശ കമ്മീഷനില്‍നിന്നും നീതി ലഭിക്കുന്നില്ലെങ്കില്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ആയുധമെടുത്താല്‍ മാത്രമേ ജീവിക്കാന്‍ സാധിക്കൂവെന്ന അവസ്ഥയിലേയ്ക്ക് കൊണ്ടെത്തിച്ചാല്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് ബിജെപി പ്രസിഡന്ര് ആരോപിച്ചു.

മുഖ്യമന്ത്രി നിശബ്ദമായി അക്രമസംഭവങ്ങളെ നോക്കി കാണുകയാണ്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പലിശ രഹിത ബാങ്കിനെതിരേ പഠിച്ചശേഷം കേന്ദ്രത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ