തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തി വന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. ശബരിമല നട അടക്കുന്നതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായതെന്നും ബിജെപി നേതൃത്വം അറിയിച്ചു. ഇന്ന് പുത്തരികണ്ടത്ത് നടക്കുന്ന അയ്യപ്പസംഗമത്തോടെ സമരം അവസാനിപ്പിക്കാനാണ് തീരുമാനം.

സമരം പൂര്‍ണ വിജയമായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ഇന്നലെ വ്യക്തമാക്കിയിരുന്നു. ‘വിശ്വാസ സംരക്ഷണത്തിനുള്ള ബിജെപിയുടെ പോരാട്ടം വിജയിച്ചില്ല. സമരം പൂര്‍ണ്ണവിജയമായിരുന്നില്ല’ എന്നായിരുന്നു സമര വേദിയില്‍ വച്ചു തന്നെ ശ്രീധരന്‍ പിള്ള പറഞ്ഞത്. ഇതോടെ നിരാഹാരസമരം ഇന്ന് പത്തരക്ക് അവസാനിപ്പിക്കും.

നിരാഹാരം 48 ദിവസങ്ങള്‍ പിന്നിട്ടിരിക്കുമ്പോഴാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പികെ കൃഷ്ണദാസാണ് നിരാഹാരം കിടക്കുന്നത്. സമരത്തിനോട് സര്‍ക്കാരും ജനങ്ങളും പ്രതികൂലമായിട്ടായിരുന്നു നിലപാടെടുത്തത്. പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അതൃപ്തിയുടെ സ്വരം ഉയര്‍ന്നു വരികയും ചെയ്തു. ഇടക്കിടെയുണ്ടായ ഹര്‍ത്താലുകളും സമരത്തെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

എ എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍. ശോഭ സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കളില്‍ തുടങ്ങി ഇപ്പോള്‍ പി കെ കൃഷ്ണദാസില്‍ നിരാഹാര സമരം എത്തിനില്‍ക്കുകയാണ്. നാളെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പുത്തരികണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി അടക്കമുള്ളവര്‍ പങ്കെടുക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.