തിരുവനന്തപുരം: വികസനത്തിന്റെ പേരില്‍ സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംവാദത്തിന് തയാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സ്ഥലവും സമയവും പിണറായിക്കു പറയാമെന്നും തങ്ങൾ റെഡിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. താങ്കൾക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മധ്യസ്ഥനായും വയ്ക്കാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

‘വികസനത്തിന്റെ കേരളാ മോഡൽ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നത്. കേരളം വികസനത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നിൽക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിന് ബിജെപി ഒരുക്കമാണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഉൾപ്പെടെ ഏതു രംഗത്തും സിപിഎം തന്നെ നടത്തിയ വികസന പഠനവേദികളിലെ രേഖകളും ശാസ്ത്രസാഹിത്യപരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ പഠനങ്ങളും അടക്കം ഏതു രേഖകളും ഉദ്ധരിച്ചുതന്നെ നമുക്കു ചർച്ച നടത്താം’, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read More: “വികസന സംവാദത്തിൽ നിന്നും ഒളിച്ചോടാൻ ബി ജെപി ശ്രമിക്കുന്നു. കേരള ജനതയോട് കുമ്മനം മാപ്പ് പറയണം”

‘കൃഷി, വ്യവസായം, ഐടി, ടൂറിസം തുടങ്ങി ഏതു മേഖലയും ചർച്ചാ വിഷയമാക്കാം. പ്രകൃതി ഇതുപോലെ കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം ഇതുപോലെ മഴലഭിക്കുന്ന ഒരു നാട് നാൽപ്പത്തിനാലു നദികളുള്ള നാട് എങ്ങനെ ഈ നിലയിലായി? നമ്മുടെ നെല്ലും നാളീകേരവും കയറും നാണ്യവിളകളും എവിടെയെത്തി എന്നു നമുക്കു നോക്കാം. പ്രവാസികൾ അധ്വാനിച്ചുണ്ടാക്കി ഇവിടെ നിക്ഷേപിക്കുന്ന ഭണ്ഡാരം കൊണ്ടത്താഴപ്പഷ്ണി കഴിക്കുന്ന കേരളം കേന്ദ്രം അധികം തരുന്നതും കൂട്ടി ശമ്പളവും പെൻഷനും കൊടുത്തുകഴിഞ്ഞാൽ പിന്നെ പൂട്ടിപ്പോകുന്ന ഖജനാവിനു കാവലിരിക്കുന്ന സന്പദ്ഘടന ഉൾപ്പെടെ എല്ലാം ചർച്ച ചെയ്യാം. സാമൂഹ്യസുരക്ഷാരംഗത്ത് ചരിത്രപരമായ കാരണങ്ങളാൽ നാം നേടിയ പലതും തങ്ങളുടെ അക്കൗണ്ടിൽപ്പെടുത്തി മേനി പറയുന്നവർ വർത്തമാന കേരളം എവിടെ നിൽക്കുന്നു എന്ന വസ്തുത കൂടി ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഈ സംവാദം നിമിത്തമാവും. സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങൾ റെഡി. താങ്കൾക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വയ്ക്കാം’, സുരേന്ദ്രന്‍ വ്യക്തമാക്കി.

വികസന സംവാദത്തിൽ നിന്ന് ബിജെപി നേതാക്കൾ ഒളിച്ചോടിയെന്ന പിണറായിയുടെ അവകാശവാദം തെറ്റാണെന്ന് കുമ്മനം രാജശേഖരനും വ്യക്തമാക്കി. ‘ഒരു സംവാദത്തിന് ആദ്യം വേണ്ടത് സമാധാനപൂർണമായ അന്തരീക്ഷം ആണെന്ന് താങ്കൾക്കും അറിവുണ്ടാകുമല്ലോ? രാഷ്ട്രീയ എതിരാളികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ പരാജയപ്പെട്ട ഭരണാധികാരിയായ താങ്കൾ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അർത്ഥശൂന്യമാണ്. കൊലക്കത്തി പുറകിൽ ഒളിപ്പിച്ച് വച്ച് സന്ധി സംഭാഷണത്തിനും സംവാദത്തിന് എതിരാളികളെ ക്ഷണിക്കാൻ അതീവ കൗശലക്കാരന് മാത്രമേ സാധിക്കൂ. ബിജെപിയുടെ കേന്ദ്ര നേതാക്കൾക്കും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇവിടെ വരേണ്ടി വന്ന സാഹചര്യം എന്തു കൊണ്ട് ഉണ്ടായെന്ന് ഇപ്പോഴും താങ്കൾ ചിന്തിക്കാത്തത് മലയാളിയുടെ ദൗർഭാഗ്യം എന്നേ പറയാനുള്ളൂ. വികസന കാര്യത്തെപ്പറ്റി സംവാദത്തിന് ബിജെപി എപ്പോഴും തയാറാണെന്ന് ഓർമ്മിപ്പിക്കുന്നു’, കുമ്മനം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ