തിരുവനന്തപുരം: കൊച്ചുവേളി-ബാനസവാടി ഹംസഫർ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ ട്രെയിൻ നമ്പർ 06319 ഇന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ഫ്ളാഗ് ഓഫ് ചെയ്തു. കൊച്ചുവേളി​ റെയിൽവേ സ്റ്റേഷനിൽ രാവിലെ പതിനൊന്ന് മണിക്ക് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഒ.രാജഗോപാൽ എംഎൽഎ, എ സമ്പത്ത് എംപി എന്നിവർ സന്നിഹിതരായിരുന്നു.

തിരവനന്തപുരം കൊച്ചുവേളിയിൽ  നിന്ന്  ബെഗംളൂരുവിലെ ബാനസവാടിയി ലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഗുണകരമായ രീതിയിൽ കൊച്ചുവേളി​-ബാനസവാടി എക്സ്പ്രസ് ഒരുക്കിയ റെയിൽവേ അധികൃതർക്ക് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം നന്ദി രേഖപ്പെടുത്തി. തിരുവനന്തപുരം എം പിയായ ശശിതരൂർ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിന്നു. ഔദ്യോഗികമായി ക്ഷണിക്കാത്തതിനെ തുടർന്നാണ് തരൂർ ചടങ്ങിൽ നിന്നും വിട്ടുനിന്നത്. ശശിതരൂരും അൽഫോൺസ് കണ്ണന്താനവും ഈ ട്രെയിൻ സർവീസ് ആരംഭിച്ചതിന്റെ പേരിലുളള അവകാശതർക്കവും ഉണ്ടായിരുന്നു.

ട്രെയിൻ നമ്പർ 16320 കൊച്ചുവേളി -ബാനസാവാടി ഹംസഫർ എക്സ്പ്രസ്സ് കൊച്ചുവേളിയിൽ നിന്നും വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 6.05ന് പുറപ്പെട്ട് വെള്ളി ,ഞായർ ദിവസങ്ങളിൽ രാവിലെ 10.45ന് ബാനസവാടിയിൽ എത്തിച്ചേരും.

ട്രെയിൻ നമ്പർ 16319 ബാനസാവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്സ് വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ട്  ഏഴ് മണിക്ക് ബാനസവാടിയിൽ നിന്നും പുറപ്പെട്ട് ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 9.45ന്  കൊച്ചുവേളിയിൽ എത്തിച്ചേരും.

കൊല്ലം ജംങ്ഷിൽ വൈകിട്ട് 6.58ന്, ചെങ്ങന്നൂർ 7.53, കോട്ടയം 9.13, എറണാകുളം 10.33, തൃശ്ശൂർ 11.48,പാലക്കാട് 12.57, കോയമ്പത്തൂർ 02.45 , ഈറോഡ് 04.15 , സേലം 05.30 , ബംഗാരപ്പേട്ട് 08.43 , വൈറ്റ്ഫീൽഡ് 9.30, കൃഷ്ണരാജപുരം 9.48 എന്നീ സമയങ്ങളിലാണ് ട്രെയിൻ എത്തുന്നത്.

നിലവിലെ സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കും, തിരിച്ചുമുള്ള യാത്രയ്ക്ക് സ്വകാര്യ ബസ്സുകളെയാണ് യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത്. അവധി ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന സ്വകാര്യ ബസ്സുകൾ അധിക ചാർജാണ് ഈടാക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ബാനസവാടിയിൽ നിന്നും പുറപ്പെടുന്ന 16319- നമ്പർ ട്രെയിൻ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കും, വിദ്യാർത്ഥികൾക്കും പ്രയോജനപ്പടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു നഗരകേന്ദ്രമായ മജസ്റ്റിക്കിൽനിന്നും ബാനസാവാടിയിലേക്ക് 40 മിനിറ്റ് യാത്രയുണ്ട്.

ത്രീ ടയർ എസി കോച്ച്, ആധുനിക സൗകര്യങ്ങൾ, സുരക്ഷാ സൗകര്യങ്ങളായ ‘ഫയർ ഡിറ്റക്ഷൻ സിസ്റ്റം’ സിസിറ്റിവി ക്യാമറ,ജിപിഎസ്-ബേസ്ഡ് ഇൻഫോർമേഷൻ ഡിസ്പ്ളെ ബോർഡ്,സുഖപ്രദമായ സീറ്റുകൾ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ട്രെയിനിന് 22 കോച്ചുകളാണ് ഉണ്ടാകുക എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ