കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗീക പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസ് എന്ന സന്യാസിനി സഭയ്ക്കെതിരെ കേസ് എടുത്തു. കോട്ടയം എസ്‌പിയാണ് കേസ് എടുക്കാൻ നിർദേശം നൽകിയത്. കന്യാസ്ത്രീയുടെ സഹോദരന്റെ പരാതിയിലാണ് കേസ്.

മിഷനറീസ് ഓഫ് ജീസസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിനൊപ്പമാണ് കന്യാസ്ത്രീയുടെ പടം പുറത്തുവിട്ടത്. നിയമം ലംഘിച്ച് നടത്തിയ ഈ പ്രവർത്തനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി സമൂഹത്തിലെ വിവിധതുറകളിൽ പെട്ട നിരവധിപേർ പങ്കെടുത്ത മനുഷ്യ ചങ്ങലയും നടന്നു.

സുപ്രീം കോടതിയും മറ്റ് വിവിധ കോടതികളും ലൈംഗിക പീഡന കേസുകളിൽ  ഇരകളെ തിരിച്ചറിയുന്ന തരത്തിൽ ഒന്നും ചെയ്യാൻ പാടില്ലെന്ന് നിരവധി തവണ ആവർത്തിച്ചിരുന്നു. എന്നാൽ ആ നിയമ നിർദേശങ്ങളെല്ലാം മറികടന്നാണ് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ പടം അന്വേഷണ റിപ്പോർട്ടിനൊപ്പം പുറത്തുവിട്ടത്. അതിലെ അന്വേഷണ റിപ്പോർട്ടിലെ വരികളും ആ പടവും നൽകിയത് ദുരുദ്ദേശപരമാണെന്ന് കന്യാസ്ത്രീയെ പിന്തുണച്ച് നീതി തേടി സമരം ചെയ്യുന്നവർ ചൂണ്ടിക്കാണിക്കുന്നു. അന്വേഷണ റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്ന വാചകങ്ങൾ അവർ അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും മിഷനറീസ് ഓഫ് ജീസസിനും എതിരെ ഗൂഢാലോചന നടക്കുകയാണെന്ന് ആരോപിച്ച് മിഷനറീസ് ഓഫ് ജീസസ് നടത്തിയ അന്വേഷണ റിപ്പോർട്ടിനൊപ്പമാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ പടം നൽകിയത്. മിഷനറീസ് ഓഫ് ജീസസിന്റെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ സിസ്റ്റർ അമല എം.ജെയുടെ പേരിലാണ് അന്വേഷണ റിപ്പോർട്ടും പരാതിക്കാരിയുടെ പടവും വാർത്താക്കുറിപ്പും പുറത്തിറക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ