കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ സര്‍ക്കാരും പൊലീസും നടപടി വേഗത്തില്‍ സ്വീകരിക്കണമെന്ന് നടനും സംവിധായകനുമായ മേജര്‍ രവി. ‘കേസില്‍ നടപടി എടുക്കാത്തതില്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ദിലീപിനെ ഇതേപോലുളള കേസിലാണ് അറസ്റ്റ് ചെയ്തതും നടപടി സ്വീകരിച്ചതും. തന്റെ സംഘടനയായ അമ്മ അന്വേഷണം നടത്തട്ടേയെന്ന് ദിലീപിന് പറയാമായിരുന്നു. എന്നാല്‍ അങ്ങനെയല്ല ചെയ്തത്. ഇത് പോലുളള അക്രമങ്ങള്‍ക്ക് സംഘടനകളുടെ ബലം പിടിച്ച് നില്‍ക്കാനാവില്ല’, മേജര്‍ രവി പറഞ്ഞു.

‘ഇത് പോലുളള കാര്യങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണയുണ്ടെങ്കില്‍ അതിനെ ഞാന്‍ അപലപിക്കും. കുറ്റം ചെയ്തത് രാഷ്ട്രീയക്കാരനാണെങ്കില്‍ അവരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം. 10 വോട്ടിന് വേണ്ടി ആയിരം വോട്ടുകളാണ് കളയുന്നതെന്ന് മനസ്സിലാക്കണം. നമ്മള്‍ ഇറങ്ങി ഇവര്‍ക്ക് പിന്തുണ നല്‍കണം. ഫ്രാങ്കോ എത്ര വലിയ കൊമ്പത്ത് ഇരിക്കുന്ന ആളാണെങ്കിലും നടപടി സ്വീകരിക്കണം. അതില്‍ സഭയല്ല ഉത്തരം പറയേണ്ടത്. അഭയ കേസും ഇത് പോലെ തന്നെ നീണ്ടു പോയതാണ്’, മേജര്‍ രവി കുറ്റപ്പെടുത്തി.

‘നമ്മള്‍ നീതിക്കും ന്യായത്തിനും വേണ്ടി ശബ്ദം ഉയര്‍ത്തണം. ഇവിടെ ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞങ്ങളുടെ പ്രതിഷേധം. നേരത്തേ പലപ്പോഴും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിലും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇരയ്ക്ക് നീതി ഉറപ്പാക്കുക എന്നത് നമ്മള്‍ ഓരോരുത്തരുടേയും ബാധ്യതയാണ്’, മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

2017 ഫെബ്രുവരി 17നാണ് നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. അക്രമികളില്‍നിന്ന് രക്ഷപ്പെട്ട് സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടിയതിനു പിന്നാലെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ സെപ്റ്റംബര്‍ 17നാണ് ദിലീപ് അറസ്റ്റിലായത്. ഇതിന് മുമ്പ് പലതവണ ദിലീപിനെ വിളിച്ച് അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അക്രമം നടന്ന് മൂന്ന് ദിവസത്തിനകമാണ് ദിലീപിനെ പൊലീസ് ചോദ്യം ചെയ്തിരുന്നത്. ഫെബ്രുവരി 23ന് കോടതിയില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടാളി വിജീഷിനെയും പൊലീസ് കോടതി മുറിയില്‍നിന്ന് അറസ്റ്റു ചെയ്തതാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമായത്. ഇത് ദീലിപിന്റെ അറസ്റ്റിലേക്കും നയിച്ചു.

വത്തിക്കാൻ സ്ഥാനപതിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാർക്കും പീഡനത്തിന് ഇരയായ കന്യാസ്ത്രീ കത്ത് അയച്ചിട്ടുണ്ട്. മിഷനറീസ് ഓഫ് ജീസസ്സിലെ കന്യാസ്ത്രീകളെ കഴുകൻ കണ്ണുകളോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കാണുന്നതെന്ന് കന്യാസ്ത്രീ കത്തിൽ പറയുന്നു. 2017 ൽ തന്നെ ഇത്തരമൊരു പരാതി ബിഷപ്പിനെതിരെ നൽകിയിരുന്നു. പരാതി നൽകിയ കന്യാസ്ത്രീയെ മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഈ വിഷയത്തെ ഒതുക്കി തീർത്തത്. 2017 മുതൽ സഭയ്ക്ക് അകത്തുണ്ടായിരുന്ന മറ്റു കന്യാസ്ത്രീകൾ നൽകിയ പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നടത്തിയ ഇടപെടലുകളുടെ തെളിവുകളും കന്യാസ്ത്രീ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ