തിരുവനന്തപുരം: കന്യാസ്ത്രീകളുടെ ‘സമരകോലാഹലങ്ങള്‍ക്ക്’ പിന്നില്‍ ദുരുദ്ദേശമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരത്തിന് പിന്നിൽ സങ്കുചിത താത്പര്യക്കാരാണെന്നും കോടിയേരി പറഞ്ഞു. പീഡനക്കേസിൽ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി, സർക്കാരിൽ നിന്ന് ഒരാനുകൂല്യവും ലഭിക്കില്ലെന്നും വൈദികനായാലും മുക്രിയായാലും പൂജാരി ആയാലും സംരക്ഷിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

‘സിപിഎമ്മിനെ കടന്നാക്രമിക്കാനുളള ശ്രമമാണ് നടക്കുന്നത്. ഇത്തരം പ്രശ്നങ്ങളില്‍ ഇരയ്ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും’, കോടിയേരി പറഞ്ഞു.

അതേസമയം, കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയിന്മേൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിൽ തീരുമാനം നീളുകയാണ്. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ അന്വേഷണസംഘം അവസാനിപ്പിച്ചു. ഇദ്ദേഹത്തെ നാളെയും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിച്ച വിവരം. ഇന്ന് രാത്രി ഐജി വിജയ് സാഖറെയുടെ വീട്ടിലോ, ഓഫീസിലോ അവലോകന യോഗം ചേരും. ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോ മുളക്കലിനെ വിട്ടയച്ചു.

തുടർച്ചയായ രണ്ടാം ദിവസവും ഏഴ് മണിക്കൂറോളമാണ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തത്. തൃപ്പൂണിത്തുറയിലെ ഹൈടെക് സെൽ ഓഫീസിൽ വച്ച് അറസ്റ്റ് ചെയ്തത്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി 103 പ്രധാന ചോദ്യങ്ങൾ ഉൾക്കൊളളിച്ച ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിരുന്നു.
ഉപചോദ്യങ്ങളടക്കം ഏതാണ്ട് 200 ഓളം ചോദ്യങ്ങളാണ് പൊലീസിന്റെ കൈയ്യിലുണ്ടായിരുന്നത്. ഈ ചോദ്യങ്ങൾക്ക് ബിഷപ്പ് നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ അറസ്റ്റിലേക്ക് കടക്കുന്നതിന് മുൻപ് ഐജി വിജയ് സാഖറെ നിയമോപദേശം തേടി. സീനിയർ ഗവൺമെന്റ് പ്ലീഡറുമായാണ് ഐജി കൂടിക്കാഴ്ച നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.