കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ നടപടി ഏറെ വൈകുന്നുവെന്ന് ജസ്റ്റിസ് ബി.കെമാല്‍പാഷ. ഇതുവരെയുളള അന്വേഷണം പ്രതീക്ഷയ്ക്ക് വക നല്‍കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ‘മൂന്ന് മാസത്തെ അന്വേഷണം കേട്ടുകേള്‍വിപോലും ഉളളതല്ല. പ്രാഥമിക അന്വേഷണം മാത്രമാണ് പൊലീസ് നടത്തേണ്ടത്. ഈ മൂന്ന് മാസം കൊണ്ട് കേസിലെ തെളിവുകളെല്ലാം അസ്തമിച്ചിട്ടുണ്ടാകും’, കെമാല്‍പാഷ പറഞ്ഞു. ജാമ്യഹര്‍ജി 25ലേക്ക് മാറ്റിയത് രണ്ട് കക്ഷികളുടേയും താത്പര്യം അനുസരിച്ചാണെങ്കില്‍ കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്താക്കി.
രണ്ടു ദിവസവും ഏഴ് മണിക്കൂറും നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. അറസ്റ്റ് വിവരം ഔദ്യോഗികമായി അറിയിക്കാൻ കോട്ടയം എസ്പി മാധ്യമങ്ങളെ കാണുമെന്ന് വിവരമുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച വിവരം പഞ്ചാബ് പൊലീസിനെയും അവിടത്തെ അഭിഭാഷകനെയും കേരള പൊലീസ് ഔദ്യോഗികമായി അറിയിച്ചതായി വിവരമുണ്ട്. ഇതേതുടർന്ന് ബിഷപ്പിന് ഇടക്കാല ജാമ്യം ലഭിക്കുന്നതിനുള്ള നീക്കങ്ങൾ അദ്ദേഹത്തിന്റെ അഭിഭാഷകർ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ, രാവിലെ 9.50ന് കുറവിലങ്ങാട് മഠത്തിലെത്തിയ വാകത്താനം സിഐ കന്യാസ്ത്രീയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് കന്യാസ്ത്രീയെ കണ്ടത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരം 13-ാം ദിനത്തിലേക്ക് കടന്നു. സേവ് ഔവര്‍ സിസ്റ്റേഴ്സ് ഭാരവാഹികളും പിന്തുണ പ്രഖ്യാപിച്ചെത്തിയവരും അടക്കം വൻ ജനപങ്കാളിത്തമാണ് ഹൈക്കോടതി ജംങ്ഷനിലെ വഞ്ചി സ്ക്വയറിലുള്ളത്.
