scorecardresearch

‘ഇവരെ ഞങ്ങള്‍ക്കറിയാവുന്നിടത്തോളം നിങ്ങള്‍ക്കറിയില്ല’; കന്യാസ്ത്രീകളെ തളളി പറഞ്ഞ് സഭാ നേതൃത്വം

ബിഷപ്പിനെതിരായ സമരം ബാഹ്യ ശക്തികളുടെ ഗൂഡാലോചനയെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകൾ യുക്തിവാദ പ്രചരണത്തിൽ പങ്കാളികളെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കീഴിൽ വരുന്ന മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ ആരോപണം

‘ഇവരെ ഞങ്ങള്‍ക്കറിയാവുന്നിടത്തോളം നിങ്ങള്‍ക്കറിയില്ല’; കന്യാസ്ത്രീകളെ തളളി പറഞ്ഞ് സഭാ നേതൃത്വം

കൊച്ചി: ബിഷപ്പിനെതിരെ നീതി തേടി സമരം ചെയ്യുന്ന കന്യാസ്ത്രീമാരെ അപലപിച്ചും, നടപടിയുണ്ടാകുമെന്ന സൂചന നൽകിയും സഭയിലെ സന്യാസിനി സമൂഹ നേതൃത്വം. ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ​ നടപടിയാവശ്യപ്പെട്ടു സമരം ചെയ്യുന്ന ‘മിഷനറീസ് ഓഫ് ജീസസ്’ സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകളുടെ സമരത്തെ അപലപിച്ചും കന്യാസ്ത്രീകള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന സൂചന നല്‍കിയും ജലന്ധര്‍ രൂപതയുടെ വാർത്താകുറിപ്പ്. കന്യാസ്ത്രീകള്‍ എറണാകുളത്ത് ഹൈക്കോടതിക്ക് സമീപം നടക്കുന്ന സമരം മൂന്നാം ദിവസമെത്തിയതോടെ സര്‍ക്കാരും പൊലീസും സഭയും കടുത്ത സമ്മര്‍ദത്തിലായതിനു പിന്നാലെയാണ് സഹ കന്യാസ്ത്രീകളെ തളളിപ്പറഞ്ഞുകൊണ്ട് മിഷനറീസ് ഓഫ് സന്യാസിനി സമൂഹത്തിന്റെ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

കന്യാസ്ത്രീകളുടെ സമരത്തെ ശക്തമായി അപലപിക്കുകയാണെന്നു പറയുന്ന വാർത്താക്കുറിപ്പിൽ​ വിഷയം തുടർനടപടി സ്വീകരിക്കാൻ കൗണ്‍സില്‍ യോഗം ഉടന്‍ വിളിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ‘പീഡന ആരോപണം ഉന്നയിച്ച ഞങ്ങളുടെ സഹോദരിയും അവരോട് ചേര്‍ന്നു നിന്നു സമരം നടത്തുന്ന സിസ്‌റ്റേഴ്‌സും നടത്തുന്ന കപട ആരോപണങ്ങള്‍ക്കു കൂട്ടുനിന്നുകൊണ്ട് ഒരു നിരപരാധിയെ ക്രൂശിക്കുക എന്നത് ഞങ്ങളുടെ മനഃസാക്ഷിക്ക് ചേര്‍ന്നതല്ല.ഞങ്ങളോടൊപ്പം വര്‍ഷങ്ങള്‍ താമസിച്ച് ഒരുമിച്ചു ജീവിച്ച ഞങ്ങളുടെ ഈ സഹോദരിമാരെ ഞങ്ങള്‍ക്കറിയാവുന്നിടത്തോളം പൊതുസമൂഹത്തിനറിയില്ല എന്നതു വസ്തുതയാണല്ലോ.’പത്രക്കുറിപ്പില്‍ പറയുന്നു.

ഇപ്പോള്‍ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്ന സഹോദരിമാരൊന്നും നിയമപ്രകാരം കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളല്ല. അവര്‍ കോണ്‍ഗ്രിഗേഷന്റെ നിയമങ്ങളെല്ലാം വെല്ലുവിളിച്ച് അവിടെ താമസിക്കുന്നവരാണ്. നിരവധി തവണ ഇവര്‍ക്കു വാണിങ് നല്‍കിയിട്ടുള്ളതുമാണ്. മാത്രവുമല്ല ഈ മഠത്തില്‍ അനധികൃതമായി താമസിക്കുന്ന ഈ സഹോദരിമാര്‍ നിയമപ്രകാരം ഈ മഠത്തിലേക്ക് പോസ്റ്റിങ് ലഭിച്ചുവരുന്ന ഒരു സിസ്റ്ററിനെയും ബാഹ്യശക്തികളുടെ സഹായത്തോടെ ഭീഷണിപ്പെടുത്തി അവിടെ താമസിക്കാന്‍ അനുവദിക്കാറില്ലായിരുന്നു. പുറത്തുനിന്നുള്ള ബാഹ്യശക്തികള്‍ ഇവരുടെ സഹായത്തോടെ മഠത്തിനുള്ളില്‍ കയറി ഞങ്ങളുടെ കുറവിലങ്ങാട് മഠത്തിലെ മദറിന് വധ ഭീഷണിവരെ മുഴക്കി അവിടെ നിന്ന് ജീവനുംകൊണ്ട് രക്ഷപെടേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഇതിനുശേഷം ഭയം കാരണം അവിടെ താമസിക്കാന്‍ എംജെ കോണ്‍ഗ്രിഗേഷനിലെ ഒരു കന്യാസ്ത്രീയും തയാറായിട്ടില്ല,’ പത്രക്കുറിപ്പ് ആരോപിക്കുന്നു.


കത്തോലിക്കാ പുരോഹിതന്‍ അഗസ്റ്റിന്‍ വട്ടോളി പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നു

ബിഷപ്പിനെതിരേ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ ബാഹ്യശക്തികളുടെ ഗൂഡാലോചനയിലാണ് സമരത്തിനിറങ്ങിയിരിക്കുന്നതെന്നും പത്രക്കുറിപ്പില്‍ ആരോപിക്കുന്നു. പത്രക്കുറിപ്പിലുടനീളം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്ന് അവകാശപ്പെടുന്നു. ‘ ഇവര്‍ സമരം ചെയ്യുന്ന സമര പന്തലിലെ ബാനറുകള്‍ ഓരോ ക്രൈസ്തവ വിശ്വാസിയെയും ഞെട്ടിക്കുന്നതും ക്രൈസ്തവ വിശ്വാസത്തിന് മുറിവേല്‍പ്പിക്കുന്നതുമായിരുന്നു. സ്ത്രീകളെ പുരോഹിതര്‍ കുമ്പസാരിപ്പിക്കാതിരിക്കുക, സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കുക, കന്യാസ്ത്രീകള്‍ക്കു പൗരോഹിത്യം അനുവദിക്കുക തുടങ്ങിയ യുക്തിവാദം പ്രചരിപ്പിക്കുന്ന സംഘത്തില്‍ ഞങ്ങളുടെ സഹോദരിമാര്‍ പങ്കാളികളായത് അതീവ ഗൗരവകരമായ കാര്യമാണ്. ആയതിനാല്‍ത്തന്നെ ഇവര്‍ ചെന്നെത്തിയിരിക്കുന്ന സംഘത്തെക്കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. കന്യാസ്ത്രീകളെന്ന നിലയില്‍ ഇവര്‍ക്കും സംഘത്തിനും പിന്തുണയുമായി എത്തുന്ന സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ജാഗരൂകത കാണിക്കണമെന്നും ഇവര്‍ അംഗമായ എംജെ കോണ്‍ഗ്രിഗേഷന്‍ അഭ്യര്‍ഥിക്കുന്നു, ‘ പത്രക്കുറിപ്പ് പറയുന്നു.

മദര്‍ ജനറല്‍ സിസ്റ്റര്‍ റെജിന എംജെ, കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ അമല എംജെ, സിസ്റ്റര്‍ വിര്‍ജിന്‍ എംജെ, സിസ്റ്റര്‍ മരിയ എംജെ എന്നിവരുടെ പേരിലാണ് പത്രക്കുറിപ്പ് പുറത്തുവിട്ടിട്ടുള്ളത്.

അതേസമയം കന്യാസ്ത്രീകളുടെ സമരത്തിന് സമൂഹത്തിൽ നിന്നും പിന്തുണ വർധിക്കുകയാണ്. രാഷ്ട്രീയ നേതാക്കളും സാമൂഹികപ്രവര്‍ത്തകരും പിന്തുണയുമായി രംഗത്തെത്തിയതോടെ സമരത്തെ തള്ളി വാർത്താക്കുറിപ്പിറക്കാൻബിഷപ്പും സഭാ നേതൃത്വം നിർബന്ധിതരാ യാതെന്ന് സഭാവൃത്തങ്ങളിൽ നിന്നുളള സൂചന.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bishops rape row church leaders against nuns who protest for justice