കൊച്ചി: ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് പരാതി പറഞ്ഞ കന്യാസ്ത്രീക്കെതിരെ പുരുഷ ബന്ധം ആരോപിച്ച് ജലസന്ധറിലെ സന്യസ്ത സഭ. മിഷനറീസ് ഓഫ് ജീസസിന്റെ ലെറ്റർ ഹെഡിൽ പിആർഒ സിസ്റ്റർ അമലയുടെ പേരിൽ ഇന്നലത്തെ തീയതിയിൽ (10-09018) ഇറക്കിയിരിക്കുന്ന വാർത്താക്കുറിപ്പിലാണ്, ഈ ആരോപണങ്ങൾ.
ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ നീതി തേടി വത്തിക്കാന് അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് ജലന്ധറിൽ നിന്നുളള വാർത്താ കുറിപ്പും വരുന്നത്. ബിഷപ്പിൽ നിന്നും നീതി തേടി കന്യാസ്ത്രീക്ക് പിന്തുണയുമായി കന്യാസ്ത്രീകൾ ചെയ്യുന്ന സമരം നാല് ദിവസമായി. ഇതേ സമയം ഈ കന്യാസ്ത്രീകൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രചരിപ്പിക്കുന്നത് പച്ചക്കളളമെന്നും മിഷനറീസ് ഓഫ് ജീസസിന്റെ പേരിലിറങ്ങിയ വാർത്താകുറിപ്പിൽ പറയുന്നു.
ബിഷപ്പിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ കേസിൽ കക്ഷിചേരുമെന്നും മിഷനറീസ് ഓഫ് ജീസസ് ജനറലേറ്ററിൽ നിന്നുളള വാർത്താകുറിപ്പിൽ പറയുന്നു. ധാർമ്മികവും ദൈവികവുമായ ബാധ്യതയുടെ അടിസ്ഥാനത്തിലാണ് കേസിൽ കക്ഷിചേരുന്നതെന്നും പറയുന്നു. ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീക്കെതിരെ ഒരു സ്ത്രീ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉപദേശം നൽകിയതിനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ക്രൂശിക്കുന്നതെന്നും അതിനാലാണ് കേസിൽ കന്യാസ്ത്രീ അംഗമായ എംജെ കോൺഗ്രിഗേഷൻ കേസിൽ കക്ഷി ചേരാൻ ആലോചിക്കുന്നതെന്നും അവർ പറയുന്നു.
തന്റെ ഭർത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ടെന്ന് കന്യാസ്ത്രീയുടെ ബന്ധു സമർപ്പിച്ച പരാതിയിൽ കഴമ്പുണ്ടെന്ന് മിഷനറീസ് ഓഫ് ജീസസിന്റെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് കന്യാസ്ത്രീയെ ചൊടിപ്പിച്ചിരുന്നുവെന്ന് വാർത്താ കുറിപ്പിൽ ആരോപിക്കുന്നു. ഡൽഹിയിൽ നിന്നുളളയാൾ കുറവിലങ്ങാട് മഠത്തിൽ കൺവെൻഷനിൽ പങ്കെടുക്കാനെന്ന വ്യാജേന താമസിച്ചതായി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നതായും ആരോപണം തുടരുന്നു.
കുറവിലങ്ങാട് മഠം ഭരിച്ചിരുന്നത് സിസ്റ്ററും പരിചയക്കാരനായ ടാക്സി ഡ്രൈവറും കന്യാസ്ത്രീയും ചേർന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മഠത്തിലെ മദറായിരുന്ന സിസ്റ്റർ കാലാവധി പൂർത്തിയാക്കാതെ പോയതായും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.
കന്യാസ്ത്രീകൾക്ക് ചാരിത്രം നഷ്ടപ്പെടുക എന്നത് മരിക്കുന്നതിന് തുല്യമാണ്. ബിഷപ്പ് പീഡിപ്പിച്ചുവെന്നു പറയുന്നതിന്റെ പിറ്റേദിവസം ബിഷപ്പിനൊപ്പം ഒരു പരിപാടിയിൽ കന്യാസ്ത്രീ പങ്കെടുത്തിരുന്നു. മാത്രമല്ല, നിരവധി കന്യാസ്ത്രീകൾ താമസിക്കുന്ന ഒരു മഠത്തിൽ മറ്റാരും കാണാതെ ഒരു മുറിയിലേയ്ക്ക് പോകുക എന്നത് തികച്ചും അവിശ്വസനീയമാണ്. മാത്രവുമല്ല, രണ്ടുപേർ ഒന്നിച്ചല്ലാതെ മറ്റൊരാളെ സന്ദർശിക്കുന്നത് കോൺഗ്രിഗേഷൻ നിയമപ്രകാരം വിലക്കിയിരിക്കുയാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു.
കന്യാസ്ത്രീക്കെതിരായി നടപടി ഉറപ്പായപ്പോൾ സന്യാസ ജീവിതം ഉപേക്ഷിക്കാനുളള അപേക്ഷ നൽകിയതായും പിന്നീട് അത് പിൻവലിക്കാൻ അപേക്ഷ നൽകി. നാല് ദിവസത്തിനുളളിലാണ് ഇത് സംഭവിച്ചത്. ഈ കാലയളവിനുളളിൽ കുറവിലങ്ങാട് മഠത്തിൽ ആരൊക്കെ വന്ന് പോയി എന്നും അന്വേഷിക്കണമെന്നും മിഷനറീസ് ഓഫ് ജീസസിന്റെ പേരിൽ ഇറക്കിയിരിക്കുന്ന വാർത്താ കുറിപ്പിൽ പറയുന്നു.
Read: ‘ഇവരെ ഞങ്ങള്‍ക്കറിയാവുന്നിടത്തോളം നിങ്ങള്‍ക്കറിയില്ല’; കന്യാസ്ത്രീകളെ തളളി പറഞ്ഞ് സഭാ നേതൃത്വം
നേരത്തെ പി.സി.ജോർജ് എംഎൽഎ കന്യാസ്ത്രീക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത് വിവാദമായതിന് തൊട്ട് പിന്നാലെയാണ് മിഷനറീസ് ഓഫ് ജീസസിന്റെ പേരിൽ സമാനമായ വാർത്താ കുറിപ്പ് വരുന്നത്.
ഇന്നലെയും മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീകൾക്കെതിരെ പ്രസ്താവനയുമായി രംഗത്ത് എത്തിയിരുന്നു. നീതി തേടി സമരം ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ച ആ പ്രസ്താവന വന്ന ശേഷവും സമരം ശക്തമായി തുടരുകയാണ്. ബാഹ്യ ശക്തികളുടെ ഗൂഢാലോചനയാണ് സമരത്തിന് പിന്നിലെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകൾ യുക്തിവാദ പ്രചാരണത്തിൽ പങ്കാളികളെന്നും അതിൽ ആരോപിച്ചിരുന്നു.