മൂവാറ്റുപുഴ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷികളിലൊരാളായ തനിക്ക് മഠത്തില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വരുന്നതായി സിറോ മലബാർ സഭക്ക് കീഴിലുള്ള സന്യാസിനി സമൂഹത്തിലെ സിസ്റ്റർ ലിസി വടക്കേയിൽ. മഠത്തിൽ തടങ്കലിൽ പാർപ്പിക്കുകയാണെന്നും മാനസിക രോഗിയാക്കി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു. മൂവാറ്റുപുഴയിലെ മഠത്തിലാണ് ലിസി വടക്കേയില്‍ താമസിക്കുന്നത്.
‘ഇനി സിസ്റ്റര്‍ക്ക് ഇവിടെ താമസിക്കാന്‍ അനുവാദമില്ലെന്ന് പറഞ്ഞ് കോടതിയുടെ നോട്ടീസുമായാണ് പുതിയ സിഐ വന്നത്. 37 വര്‍ഷം മുമ്പ് വിവാഹം വേണ്ടെന്ന് പറഞ്ഞ് യേശുവിന്റെ പാതയില്‍ വന്നതാണ്. ഇപ്പോള്‍ ഇറങ്ങിപ്പോവാന്‍ പറഞ്ഞാല്‍ ഞാന്‍ എങ്ങോട്ട് പോവാനാണ്. പളളിയില്‍ ജീവിച്ച് മരിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പോവാനാണ് പറയുന്നത്,’ ലിസി പറഞ്ഞു.
‘ഇപ്പോള്‍ എന്നെ പീഡിപ്പിക്കുന്നു. മരുന്നിന് പൈസ തരുന്നില്ല. തലയില്‍ തേക്കാന്‍ എണ്ണ ചോദിച്ചിട്ട് പോലും തരുന്നില്ല. പുറത്തിറങ്ങി ഒരു ചേട്ടനോട് കാര്യങ്ങള്‍ പറഞ്ഞാണ് കുറച്ച് പൈസ വാങ്ങിയത്. ബിഷപ്പിനെതിരെ മൊഴി നല്‍കിയത് കൊണ്ട് എന്നെ ശിക്ഷിക്കുകയാണ്. ഞാന്‍ മാനസിക രോഗിയായി പോവുമെന്ന് പറഞ്ഞപ്പോള്‍ ചികിത്സിക്കാം എന്നാണ് പറഞ്ഞത്. എന്നെ മാനസിക രോഗിയാക്കി എന്റെ സാക്ഷിമൊഴി ഇല്ലാതാക്കാനാണ് ശ്രമമെന്നും ലിസി വടക്കേയില്‍ പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ പീഡന വിവരം ആദ്യം പങ്കുവച്ചത് സിസ്റ്റർ ലിസി വടക്കേയിലിനോട് ആയിരുന്നു.