കൊച്ചി: ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് കന്യാസ്ത്രീ നൽകിയ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകും. ബിഷപ്പിനെ വിളിച്ചു വരുത്തുന്നതില്‍ തീരുമാനമായില്ല. കൊച്ചിയില്‍ ഇന്നലെ ഐജി വിജയ് സാക്കറെയുടെ സാന്നിധ്യത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അന്വേഷണ പുരോഗതി ചർച്ചയായി.

ഇന്നലെ രാത്രി 9 മണിയോടെയാണ് എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെയുടെ കൊച്ചിയിലെ ഔദ്യോഗിക വസതിയില്‍ ഉന്നത തല ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്. കോട്ടയം എസ്‌പി ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരടങ്ങിയ സംഘം പങ്കെടുത്ത യോഗം പുലര്‍ച്ചെ നാല് മണിക്കാണ് അവസാനിച്ചത്. അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ പ്രതികരണം.

കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ വിളിച്ചു വരുത്തുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തില്ലെന്ന് കോട്ടയം എസ്പി പറഞ്ഞു. ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഒഴിവാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു മേൽ സമ്മർദ്ദം ഉണ്ടെന്ന ആരോപണം നിലനിൽക്കെയാണ് യോഗം ചേര്‍ന്നത്. അടുത്ത ആഴ്ച ഒരു യോഗം കൂടി ചേർന്ന് തുടർ നടപടികള്‍ കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായി. കൊച്ചിയിലെ യോഗത്തിന് മുന്നോടിയായി ഐജി തിരുവനന്തപുരത്തെത്തി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ