തിരുവനന്തപുരം: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുളള നീക്കത്തെ എതിര്‍ത്ത് കന്യാസ്ത്രീയുടെ ബന്ധുക്കളും മറ്റ് കന്യാസ്ത്രീകളും. കേസ് നീട്ടിക്കൊണ്ടുപോയി അട്ടിമറിക്കാനാണ് നീക്കമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആരോപിച്ചു. ഡിജിപിയും ഐജിയും ചേര്‍ന്ന് കേസ് നീട്ടിക്കൊണ്ടു പോവാനാണ് ശ്രമിക്കുന്നതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

കേസ് ക്രൈംബ്രാഞ്ചിന് വിടാനായി അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം എസ്പിയോട് ഡിജിപി അഭിപ്രായം തേടിയിട്ടുണ്ട്. എതിര്‍പ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിജിപിയെ അറിയിച്ചതെന്നാണ് വിവരം. രണ്ട് ദിവസത്തിനകം വൈക്കം ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് സമര്‍ച്ചിക്കേും. എന്നാല്‍ ക്രൈംബ്രാഞ്ചിന് കേസ് കൈമാറാനുളള തീരുമാനം ആയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഐജി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട്.

ഫ്രാങ്കോയ്ക്ക് എതിരെ ശക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് എതിരാണ് ഇപ്പോള്‍ പൊലീസിന്റെ നിലപാട്. തന്റെ അധികാരം ഉപയോഗിച്ച് ബിഷപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. പൊലീസിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ മെല്ലെപ്പോക്കെന്നാണ് ബന്ധുക്കളുടെ ആരോപണം. അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.

നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ സമരത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പൊലീസിന് മേല്‍ സമ്മര്‍ദ്ദം ഉയരുന്നത്. ശനിയാഴ്ച കൊച്ചി ഐജി ഓഫീസിന് മുമ്പിലും ഹൈക്കോടതിക്ക് മുമ്പിലും നടന്ന പ്രതിഷേധത്തില്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അനുകൂലിക്കുന്ന മറ്റ് കന്യാസ്ത്രീകളും പങ്കെടുത്തു. വിവിധ ക്രിസ്ത്യന്‍ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരപരിപാടികളുമായി മുന്നോട്ട് പോവാനാണ് സംഘടനകളുടെ തീരുമാനം. തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതിനെതിരെയാണ് സമരമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കി. സര്‍ക്കാരും സഭയും തങ്ങളെ കൈവിട്ടുവെന്ന് സമരത്തില്‍ പങ്കെടുക്കുന്ന കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

‘ഞങ്ങളുടെ സഹോദരിയെ സംരക്ഷിക്കാനാണ് ഞങ്ങള്‍ സമരത്തിന് ഇറങ്ങുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് തോന്നുന്നുണ്ട്. സര്‍ക്കാരും സഭയും പൊലീസും ഞങ്ങളെ കൈവിട്ടു. നിങ്ങളെ പോലെയുളള മാധ്യമപ്രവര്‍ത്തകരും സംഘടനകളും മാത്രമാണ് ഞങ്ങള്‍ക്ക് ഒപ്പമുളളത്. നീതി നിഷേധിക്കപ്പെടുന്നതിനാലാണ് സമരത്തിന് ഇറങ്ങുന്നത്’, കന്യാസ്ത്രീകള്‍ പറഞ്ഞു. കന്യാസ്ത്രീകളുടേത് നീതി നിഷേധിക്കപ്പെട്ടവരുടെ വിലാപമാണെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. പീഡനത്തിന് ഇരയായ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെയും തയ്യാറായിട്ടില്ല. കേസില്‍ നിര്‍ണായക കാര്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ ബിഷപ്പിനെ ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. ജലന്ധറില്‍ വച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. ഇത് ബിഷപ്പിനെതിരായ തെളിവുകളെ സാധൂകരിക്കുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.