തിരുവനന്തപുരം: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് സഭയിലെ കൂടുതല്‍ കന്യാസ്ത്രീകള്‍ ഇരയായതായി മൊഴി. ലൈംഗിക ചുവയോടെ ബിഷപ് പെരുമാറിയതായി അന്വേഷണസംഘത്തിന് മുമ്പാകെയാണ് തിരുവസ്ത്രം ഉപേക്ഷിച്ചിരുന്ന രണ്ട് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയത്. ഫ്രാങ്കോ മുളയ്ക്കല്‍ കാരണം കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചതായി മറ്റ് കന്യാസ്ത്രീകളും മൊഴി നല്‍കിയിട്ടുണ്ട്. അപമാനിക്കപ്പെടുമെന്ന ഭയം കൊണ്ടാണ് പീഡനത്തെ കുറിച്ച് പുറത്ത് പറയാതിരുന്നതെന്നാണ് കന്യാസ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സഭാ നേതൃത്വത്തിനെതിരെയുള്ള പരാമര്‍ശങ്ങളും അവരുടെ മൊഴിയിലുണ്ട്. കേസ് ഒതുക്കി തീര്‍ക്കാന്‍ സഭാ നേതൃത്വം ശ്രമിച്ചുവെന്നതിനെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴിയില്‍.

കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയുടെ പരാതിയെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സ്വഭാവദൂഷ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ജലന്തറിലെ മഠത്തിൽവച്ച് ബിഷപ് കയറി പിടിച്ചതായി സഭ വിട്ട കന്യാസ്ത്രീമാരിലൊരാള്‍ മൊഴി നല്‍കി. ബിഷപ് ബലമായി ആലിംഗനം ചെയ്തതതിനെ തുടര്‍ന്നാണ് മറ്റൊരു കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ചത്. ഇത് മറ്റ് കന്യാസ്ത്രീകളും സ്ഥിരീകരിച്ചിട്ടുണ്ട്.

ജലന്ധര്‍ രൂപതയിലെ പാസ്റ്ററല്‍ സെന്ററില്‍ നിന്ന് നടത്തിയ മൊഴിയെടുപ്പില്‍ ആണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിഷപ് ആവിഷ്‌കരിച്ച ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പരിപാടിയില്‍ നടന്ന കാര്യങ്ങളും കന്യാസ്ത്രീകള്‍ പൊലീസിനോട് വിശദീകരിച്ചു. ഈ പരിപാടിക്കിടെയും ബിഷപ് കന്യാസ്ത്രീകളോട് മോശമായി പെരുമാറിയെന്നും മൊഴിയിലുണ്ട്.

2014 ല്‍ ആയിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ നേതൃത്വത്തില്‍ ഇടയനോടൊപ്പം ഒരു ദിവസം എന്ന പരിപാടി ആവിഷ്‌കരിക്കുന്നത്. ജലന്ധര്‍ രൂപതയിലെ മിഷനറീസ് ഓഫ് ജീസസ് കേന്ദ്രത്തില്‍ കന്യാസ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനായജ്ഞം എന്ന രീതിയില്‍ ആയിരുന്നു ഇത്. മാസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ആയിരുന്നു ഇത് ആവിഷ്‌കരിച്ചിരുന്നത്. പകല്‍ സമയങ്ങളില്‍ മാത്രമല്ല, രാത്രിയില്‍ പോലും ബിഷപ് കന്യാസ്ത്രീകളെ തന്റെ മുറിയിലേക്ക് വിളിപ്പിക്കാറുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള മൊഴി. ബിഷപ്പില്‍ നിന്ന് പലതവണ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായും കന്യാസ്ത്രീകളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്.

തുടര്‍ച്ചയായ അതിക്രമങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെയാണ് കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ചതെന്ന് കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഭഗല്‍പൂര്‍ ബിഷപ് കുര്യന്‍ വലിയകണ്ടത്തിലിന്‍റെ മൊഴിയെടുക്കാനും തീരുമാനമായി. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ ലൈംഗിക പരാതി വത്തിക്കാന്‍ പ്രതിനിധിക്ക് കൈമാറിയത് ഭഗല്‍പൂര്‍ ബിഷപ്പാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബിഷപ്പിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണം മന്ദഗതിയിലാണ്.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെയും തയ്യാറായിട്ടില്ല. കേസില്‍ നിര്‍ണായക കാര്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ ബിഷപ്പിനെ ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. ജലന്ധറില്‍ വച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. ഇത് ബിഷപ്പിനെതിരായ തെളിവുകളെ സാധൂകരിക്കുന്നതാണ്. പരാതി നല്‍കിയിട്ടും അന്വേഷണം വൈകുന്നത് ചൂണ്ടിക്കാട്ടി കന്യാസ്ത്രീയുടെ ബന്ധുക്കള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.