ചെന്നൈ: അനധികൃത മണല്‍ഖനന കേസില്‍ മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് അറസ്റ്റില്‍. പത്തനംതിട്ട അതിരൂപത ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് ആണ് അറസ്റ്റിലായത്. ബിഷപ്പിനൊപ്പം വികാരി ജനറല്‍ ഫാ. ഷാജി തോമസ്, ഫാ. ജോസ് ചാമക്കാല, ഫാ. ജോര്‍ജ് സാമുവേല്‍, ഫാ. ജിജോ ജെയിംസ്, ഫാ. ജോസ് കാലായില്‍ എന്നീ അഞ്ച് വൈദികരെയും തമിഴ്‌നാട് സി.ബി-സി.ഐ.ഡി. സംഘം അറസ്റ്റ് ചെയ്തു. തിരുനെല്‍വേലിയിലെ ആംബാസമുദ്രത്ത് താമരഭരണി നദിയിൽ നിന്ന് അനധികൃത മണല്‍ഖനനം നടത്തിയതിനാണ് അറസ്റ്റ്.
അറസ്റ്റിനു പിന്നാലെ ബിഷപ്പിനും ഫാ. ജോസ് ചാമക്കാലയ്ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഇരുവരും നിലവിൽ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിൽ വിശദീകരണവുമായി സഭ രംഗത്തെത്തിയിട്ടുണ്ട്. “തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർപ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ജോർജിനെതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.” പത്തനംതിട്ട രൂപത പിആർഒ വിശദീകരണ കുറിപ്പിൽ പറഞ്ഞു.
Also Read: ഹർജികൾ തള്ളി; മീഡിയ വൺ സംപ്രേഷണ വിലക്ക് ഹൈക്കോടതി ശരിവച്ചു