താമരശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നിർമല ആശുപത്രിയിലായിരുന്നു അന്ത്യം. 87 വയസായിരുന്നു. 2010ൽ രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ അദ്ദേഹം ബിഷപ്പ് എമിറാറ്റ്സായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
1997 ഫെബ്രുവരി 13നാണ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി താമരശേരി രൂപതയുടെ ബിഷപ്പായി നിയമിതനായത്. മാര്‍ ജേക്കബ് തൂങ്കുഴി തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലേക്കായിരുന്നു നിയമനം. 13 വർഷം രൂപതയെ നയിച്ച അദ്ദേഹം 2010 ഏപ്രില്‍ 8ന് രൂപതാ ഭരണത്തില്‍ നിന്ന് സ്ഥാനമൊഴിഞ്ഞു.
തൃശൂര്‍ അതിരൂപതയിലെ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി ഏഴിനായിരുന്നു ജനനം. 1951 ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. തേവര എസ്എച്ച് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.
1961 ഒക്‌ടോബര്‍ 18ന് മാര്‍ മാത്യു കാവുകാട്ടു പിതാവില്‍ നിന്നു റോമില്‍ വച്ച് പട്ടമേറ്റു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1988 ല്‍ സീറോമലബാര്‍ സഭയുടെ ഭാഗമായി കല്യാണ്‍ രൂപത സ്ഥാപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി അദ്ദേഹം നിയമിതനായി. പിന്നീടാണ് താമരശേരി രൂപതയിലേക്ക് അദ്ദേഹമെത്തുന്നത്.
താമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പതിമൂന്നു വർഷം താമരശേരി രൂപതയെ നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടോളം മഹാരാഷ്ട്രയിലെ കല്യാൺ രൂപതയുടെ ചുമതലയും വഹിച്ചിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ആ ഘട്ടങ്ങളിലെല്ലാം ചുറ്റുമുള്ള സമൂഹത്തിന് ഊർജവും ആശ്വാസവും പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. അവരുടെ ജീവിത പ്രശ്നങ്ങളിൽ ശക്തമായ നിലപാടെടുത്തു.
പ്രത്യേക വിഷയങ്ങളിൽ വിമർശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടി വളർത്താൻ കഴിഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.