കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി ജപമാല റാലിയുമായി ജലന്ധര്‍ രൂപത. “ത്യാഗസഹന ജപമാല” എന്ന പേരിട്ട് ബിഷപ്പ് ഫ്രാങ്കോയ്ക്കായി നടത്തുന്ന പരിപാടിയിൽ മാർപാപ്പയുടെയും ജലന്ധറിലെ പുതിയ അപ്പോസ്തലിക് അഡ്മിസനിട്രേറ്ററായ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസിന് വേണ്ടിയും കത്തോലിക്കാ സഭയ്ക്കു വേണ്ടിയും പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

മാർപാപ്പയുടെ പടത്തിനൊപ്പം, കന്യാസ്ത്രീക്കെതിരെ അവഹേളനപരമായ പരാമർശം നടത്തിയ പൂഞ്ഞാർ എംഎൽഎയായ പി.സി.ജോർജ്, ബിഷപ്പ് ഫ്രാങ്കോ, ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ് എന്നിവരുടെ പടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോർജ് ഈ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നാണ് നോട്ടീസിൽ അവകാശപ്പെടുന്നത്.

ഒക്ടോബര്‍ 14 ന് പഞ്ചാബിലെ ജലന്ധറിലുള്ള സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളില്‍ വൈകുന്നേരം അഞ്ചുമണിക്കാണ് ‘ത്യാഗ സഹന ജപമാല’ എന്ന പരിപാടി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടിയും, കത്തോലിക്കാ സഭയ്ക്കു വേണ്ടിയും ജലന്ധർ രൂപതയിലെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസിനു വേണ്ടിയും പ്രാര്‍ഥിക്കാന്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

സാധാരണയായി ഒക്ടോബര്‍ മാസമാണ് കത്തോലിക്കാ സഭ ജപമാല മാസമായി ആചരിക്കുക. ജപമാല മാസത്തോടനുബന്ധിച്ച് വീടുകളിലും പള്ളികളിലും ജപമാലയും ജപമാല പ്രദക്ഷിണങ്ങളും നടക്കും. ജലന്തര്‍ രൂപതയിലാകട്ടെ എല്ലാവര്‍ഷവും ഇതു വലിയ പരിപാടിയായാണ് നടത്തുക. എന്നാല്‍ ഈ വര്‍ഷം ബിഷപ്പ് ജയിലിലായതിനാല്‍ സഹതാപം ലക്ഷ്യമിട്ട് ത്യാഗ സഹന ജപമാലയെന്ന പേരില്‍ പരിപാടി മാറ്റുകയായിരുന്നുവെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോയെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വൈദികർ ജലന്ധറിൽ നിന്നും ഇവിടെ എത്തിയിരുന്നു. ജപമാല റാലിയിലേയ്ക്ക് ക്ഷണിക്കാനും പിന്തുണ അഭ്യര്‍ഥിക്കാനുമാണ് ഇവര്‍ പി.സി.ജോര്‍ജിനെ കാണാനെത്തിയതെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതിനിടെ അടുത്തിടെ സിബിസിഐ പുറത്തിറക്കിയ പത്രക്കുറിപ്പിലും ബിഷപ്പ് ഫ്രാങ്കോയെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല. വത്തിക്കാന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് കേസിന്റെ നടപടികള്‍ നോക്കുകയാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

കേരളത്തിൽ കത്തോലിക്ക സഭയ്ക്ക് അകത്തും പുറത്തും കന്യാസ്ത്രീകൾ നടത്തിയ സമരം ഏറെ പിന്തുണ നേടിയിരുന്നു. അതേസമയം കത്തോലിക്കാ സഭയ്ക്കുള്ളില്‍ തന്നെ ഒരു വിഭാഗം വൈദികരും ബിഷപ്പുമാരും ഫ്രാങ്കോ അനുകൂല തരംഗമുണ്ടാക്കാന്‍ ശ്രമം നേരത്തെ ആരംഭിച്ചിരുന്നു. അത് കൂടുതൽ ശക്തമാക്കാനുളള നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്ന് സഭാ വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.