scorecardresearch
Latest News

ബലാത്സംഗക്കേസ്: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഈയാഴ്ച അപ്പീല്‍ നല്‍കും

Franco Mulakkal, Nun rape case, Kerala High Court, ie malayalam

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം സെഷന്‍സ് കോടതി വിധിക്കെതിരെ ഇരയായ കന്യാസ്ത്രീ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വിചാരണക്കോടതിക്കു പിഴവ് പറ്റിയെന്നും
തെളിവുകള്‍ വേണ്ട വിധം വിലയിരുത്തിയില്ലെന്നും കന്യാസ്ത്രീ ഹര്‍ജിയില്‍ ബോധിപ്പിച്ചു.

അതേസമയം, വിചാരണക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഈയാഴ്ച അപ്പീല്‍ നല്‍കും. ഇതുസംബന്ധിച്ച് പ്രോസിക്യൂഷനു സര്‍ക്കാര്‍ അനുമതി നല്‍കി. അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ അനുമതി.

നേരത്തെ, കേസില്‍ അപ്പീല്‍ പോകണമെന്ന് പൊലീസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. കേസില്‍ അപ്പീലിനുള്ള സാധ്യതയുണ്ടെന്ന് എ.ജി അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അപ്പീലിന് അനുമതി നല്‍കി ഉത്തരവിറക്കിയത്.

മിഷണനറീസ് ഓഫ് ജീസസ് സന്ന്യാസ സഭാംഗമായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കഴിഞ്ഞ ജനുവരി 14 നാണ് വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്. കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും ഫ്രാങ്കോ കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നുമായിരുന്നു കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്.

Also Read: സിൽവർലൈൻ: ഇന്നും പ്രതിഷേധം; ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ആത്മഹത്യാ ഭീഷണി, വീടുകയറി സിപിഎം ബോധവത്കരണം

കുറുവിലങ്ങാട്ടെ മഠത്തിലും മറ്റിടങ്ങളിലും വച്ച് 2014 മുതല്‍ 2016 വരെ 13 തവണ ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാര ദുര്‍വിനിയോഗം നടത്തിയുള്ള ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെ ഏഴ് സുപ്രധാന വകുപ്പുകളാണു ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയത്.

അടച്ചിട്ട കോടതി മുറിയില്‍ 105 ദിവസം നീണ്ട വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. 2019 ഏപ്രില്‍ ഒമ്പതിനു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നവംബര്‍ 30ന് വിചാരണ തുടങ്ങി. വാദങ്ങളും പ്രതിവാദങ്ങളും 2021 ഡിസംബര്‍ 29നാണു പൂര്‍ത്തിയായത്. 83 പേരാണ് സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായാണു മൊഴിനല്‍കിയത്. പ്രതിഭാഗം ഒന്‍പതു സാക്ഷികളെയാണു വിസ്തരിച്ചത്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാര്‍, 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത ഏഴ് മജിസ്ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ എന്നിരെയും വിസ്തരിച്ചിരുന്നു. 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. അഡ്വ.ജിതേഷ് ജെ.ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.

പഞ്ചാബ് ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോയെ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2018 സെപ്റ്റംബര്‍ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതു പോലെ കുറ്റപത്രം വൈകുന്നതിലും പ്രതിഷേധമുയര്‍ന്നു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സേവ് ഔര്‍ സിസ്റ്റേഴ്സ് കൂട്ടായ്മ എന്ന പേരില്‍ പരസ്യപ്രതിഷേധം നടത്തി.

കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ഫ്രാങ്കോ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും വിചാരണ നേരിടണമെന്നായിരുന്നു വിധികള്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bishop franko mulakkal mulakkal nun rape case kerala govt appeal