ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായില്ല. മണിക്കൂറുകളോളം ബിഷപ്പ് ഹൗസിന് പുറത്ത് കാത്തു നിന്നെങ്കിലും പൊലീസിന് ബിഷപ്പിനെ ചോദ്യം ചെയ്യാനായില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൗസിൽ ഇല്ലെന്നാണ് ലഭിച്ച വിശദീകരണം. അതേസമയം, ബിഷപ്പ് ചണ്ഡീഗഡിലേക്ക് കടന്നതായാണ് പഞ്ചാബ് പൊലീസ് അറിയിച്ചത്.

ബിഷപ്പിനെ ഉടനെ ബിഷപ്പ് ഹൗസിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനായി കാത്തിരിക്കുകയാണ് കേരളാ പൊലീസെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്യാനായി ഇന്ന് എത്തുമെന്ന് അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്നാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ പറയുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് പോകില്ലെന്നും അഭിഭാഷകന്‍ മന്ദീപ് സിങ് പറഞ്ഞു.

ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യുമെന്നും അതിന് ശേഷം അറസ്റ്റുണ്ടാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബിഷപ്പിനെതിരെ ആദ്യത്തെ ആരോപണം 2014 ല്‍ ഉണ്ടായതാണെന്നും അതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ മാത്രമേ അറസ്റ്റ് ചെയ്യാനാകൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുളള തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘത്തലവന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. ജലന്ധര്‍ സഭയിലെ ഒരു വൈദികന്‍ ബിഷപ്പിനെതിരെ പരാതിക്കാരിക്ക് അനുകൂലമായാണ് മൊഴി നല്‍കിയത്.

ഇന്നലെ അമൃത്സറില്‍ ജലന്ധര്‍ രൂപതക്ക് കീഴിലുള്ള രണ്ടു വൈദികരുടെ മൊഴികളാണ് കേരളത്തില്‍ നിന്നുളള അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ സഹോദരനാണ് ഇതിലൊരാള്‍. ഇദ്ദേഹമാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.