കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 25 ലേക്കാണ് മാറ്റിയത്. സർക്കാരിനോട് വിശദീകരണം തേടിയാണ് ജാമ്യാപേക്ഷ മാറ്റിയത്. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അറസ്റ്റുണ്ടാകുമെന്ന സൂചനകളുള്ളതിനാലാണ് ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയതെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐയാണ് റിപ്പോർട്ട് ചെയ്തിരുന്നു.

തനിക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കും കുടുംബത്തിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുൻകൂർ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നത്. കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോട്ടയം കുറുവിലങ്ങാട് മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയാണ് കന്യാസ്ത്രീയെന്നുമാണ് അദ്ദേഹം പറയുന്നത്. കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധം ഉണ്ടെന്നും ബിഷപ്പ് ആരോപിച്ചിരുന്നു.

കേരളത്തില്‍ കാലുകുത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മഠത്തിലെ ശല്യക്കാരിയായതിനാല്‍ കന്യാസ്ത്രീയെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. ഇതാണ് തന്നോട് കന്യാസ്ത്രീയ്ക്ക് വിരോധം ഉണ്ടാകാന്‍ കാരണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെ പൊലീസിന് നല്‍കിയ ആദ്യമൊഴിയില്‍ ലൈംഗികമായി പഡീപ്പിച്ചതായി പറഞ്ഞിട്ടില്ല. പിന്നീട് ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

അതേസമയം, കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും. ബിഷപ്പിനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

പരാതിയില്‍ ഇത് രണ്ടാം തവണയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്ധറിലെത്തി അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങുകയായിരുന്നു. ഇത്തവണ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. വസ്തുതാപരമായ മറുപടിയില്ലെങ്കില്‍ ബിഷപ്പിന്റെ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ