/indian-express-malayalam/media/media_files/uploads/2018/09/Franco-Mulakkal-1.jpg)
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തുളള ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായതായി റിപ്പോർട്ട്. എന്നാൽ അദ്ദേഹത്തെ വിട്ടയച്ചില്ല. പകരം ചോദ്യം ചെയ്യൽ നടന്ന ക്രൈംബ്രാഞ്ചിന്റെ ഹൈടെക് സെൽ ഓഫീസിൽ തന്നെ തുടരുകയാണ് അദ്ദേഹം.
അതേസമയം ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോ മുളക്കലിനെ മാറ്റി വത്തിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. തന്നെ ചുമതലകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പയ്ക്ക് ഫ്രാങ്കോ മുളക്കൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കാത്തലിക് ബിഷപ് കൗൺസിൽ ഓഫ് ഇന്ത്യ വവിശദീകരിച്ചത്.
മുംബൈ അതിരൂപത ബിഷപ്പ് ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനാണ് പകരം ചുമതല. കാത്തോലിക്ക സഭ പരമാദ്ധ്യക്ഷൻ പോപ് ഫ്രാൻസിസിന്റെ ഉത്തരവ് പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ഈ നടപടിയുടെ അർത്ഥം ബിഷപ്പിന്റെ രാജി മാർപാപ്പ അംഗീകരിച്ചുവെന്നാണെന്ന് സത്യംദീപം എഡിറ്റർ ഫാ പോൾ തേലക്കാട് പറഞ്ഞു.
അതേസമയം ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ഡിജിപി. മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.
അതേസമയം, ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടക്കാതെ ഇന്നു തന്നെ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. മൊഴികളിലെ വൈരുദ്ധ്യമാണ് ബിഷപ്പിന് തിരിച്ചടിയായത്. കന്യാസ്ത്രീയുടെ രഹസ്യമൊഴി തെളിവായി സ്വീകരിച്ചാവും അറസ്റ്റെന്നാണ് സൂചന. ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യലിനിടെ ബിഷപ്പ് നല്‍കിയ പല മൊഴികളിലും വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.
ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലായെന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ പതിനൊന്ന് മണിയ്ക്ക് ഫ്രാങ്കോ മുളയ്ക്കല്‍ പൊലീസ് ക്ലബിലെത്തി. ഇന്നലെ ബിഷപ്പ് നല്‍കിയ മൊഴികളില്‍ വ്യക്തത തേടിയുള്ള കൂടുതല്‍ ചോദ്യങ്ങള്‍ ഇന്ന് ഉണ്ടാവു.
ഇന്നലെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ബിഷപ്പിനെ വിട്ടയച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലായിരുന്നു ചോദ്യം ചെയ്യല്‍. തയ്യാറാക്കിയ നൂറ്റമ്പതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉപയോഗിച്ചാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. അറസ്റ്റിനെക്കുറിച്ച് ഇന്ന് വൈകിട്ടോടെ തീരുമാനമുണ്ടായേക്കും.
ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലുള്ള ക്രൈംബ്രാഞ്ച് എസ്‌പി ഓഫിസില്‍ എത്തിയത്. രൂപത പിആര്‍ഒ ഫാ.പീറ്റര്‍ കാവുംപുറവും മറ്റ് രണ്ടുപേരും വണ്ടിയിലുണ്ടായിരുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടുമെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്‌പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാങ്കോ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാരോപണക്കേസില്‍ ഇന്ത്യയില്‍ ഒരു ബിഷപ്പ് ഇങ്ങനെ ചോദ്യംചെയ്യപ്പെടുന്നത് ആദ്യമായാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.