/indian-express-malayalam/media/media_files/uploads/2018/09/Manju-Warrier-comes-in-support-of-Kerala-Nun-Protest-against-delay-in-arresting-Jalandhar-Bishop-1.jpg)
church, church abuse, nun abuse clergy abuse, kuruvilangad, kerala nun protest, bishop franko
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കേസിലെ ഇരയായ കന്യാസ്ത്രീ ഉള്‍പ്പടെയുള്ളവര്‍ക്കു സുരക്ഷയും സൗകര്യവും ഒരുക്കി നല്‍കാനാവില്ലെന്നും ആവശ്യമെങ്കില്‍ അവരെ സര്‍ക്കാര്‍ സംരക്ഷണയിലേക്കു മാറ്റണമെന്നും മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹം. ബിഷപ്പ് ഫ്രാങ്കോ കേസിലെ ഇരയും കേസിലെ പ്രധാന സാക്ഷിയായ ഫാ.കുര്യാക്കോസ് കാട്ടുതറയുട മരണവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പ്രധാന സാക്ഷികളും താമസിക്കുന്ന കോണ്‍വെന്റില്‍ മതിയായ സുരക്ഷയും സൗകര്യവും ഒരുക്കണമെന്നു ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 27നാണ് സബ് ഇന്‍സ്പെക്ടര്‍ മദര്‍ സുപ്പീരിയറിനു കത്തു നല്‍കിയത്.
മഠത്തില്‍ നിലവില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുകയും കൂടാതെ ഇരുപ്രവേശന കവാടത്തിലും നൈറ്റ് വിഷന്‍ ക്യാമറ സ്ഥാപിക്കുകയും ചെയ്യുക, മെയിന്‍ റോഡുമുതല്‍ മഠം വരെയുള്ള പ്രവേശന വഴിയില്‍ മതിയായ ലൈറ്റുകള്‍ സ്ഥാപിക്കുക, മഠത്തിന്റ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ മതിയായ വെളിച്ചംകിട്ടുന്ന ലൈറ്റുകള്‍ സ്ഥാപിക്കുക, കുടിവെള്ള സ്രോതസ് കമ്പിവലയിട്ടും നെറ്റിട്ടും സുരക്ഷിതമാക്കുക, ഗാര്‍ഡ് റൂമിന്റെ ഭാഗത്തുള്ള എക്സിറ്റ് ഡോറിന്റെ ഒരു താക്കോല്‍ ടി കേസിലെ ഇരയായ കന്യാസ്ത്രീക്ക് നല്‍കുക, സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂടിയതിനാല്‍ ആയുധങ്ങളും മറ്റും സൂക്ഷിക്കുന്നതിന് ഗാര്‍ഡ് റൂം അനുവദിക്കുക, മഠത്തിലും വൃദ്ധസദനത്തിലും സ്ഥിരമായും താല്‍ക്കാലികമായും താമസിക്കുന്ന മുഴുവന്‍ അന്തേവാസികളുടെയും താമസക്കാരുടെയും ബയോഡേറ്റ, ഫോട്ടോ, ഫോണ്‍ നമ്പര്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം പ്രത്യേകം രജിസ്റ്ററാക്കി സൂക്ഷിക്കുക, ഭക്ഷണം പാകം ചെയ്യുന്നവരെ സ്ഥിരമായി ചുമതലപ്പെടുത്തി അവരുടെ പേരുവിവരം പ്രത്യേകം സൂക്ഷിക്കുകയും മറ്റുള്ളവരെ പാചകം ചെയ്യുവാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക, ഈ കേസിലെ ഇരയായ കന്യാസ്ത്രീക്കും സാക്ഷികളായ കന്യാസ്ത്രീകള്‍ക്കും വേണ്ടി പ്രത്യേകം പാചകക്കാരെ അനുവദിക്കുക, മഠത്തിന്‍റെ പടിഞ്ഞാറുവശം ടെറസിലേക്കു ചാഞ്ഞുനില്‍ക്കുന്ന മാവും വട്ടമരവും മുറിച്ചുമാറ്റണം, മഠത്തിന്‍റെ കിഴക്കുഭാഗത്തെ (ചാപ്പല്‍) ഫൈബര്‍ ജനാലകള്‍ അടച്ചുറപ്പുള്ളതാക്കുക, ഇരയായ കന്യാസ്ത്രീ താമസിക്കുന്നിടത്തു നിന്നും ബെല്‍, ഗാര്‍ഡ് റൂമിന്റെ സമീപത്തേക്കു മാറ്റി സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കാനാണ് മദര്‍ സുപ്പീരിയറിനോട് പോലീസ് ആവശ്യപ്പെട്ടത്.
എന്നാല്‍ ജലന്തറില്‍ നിന്നുള്ള മദര്‍ സുപ്പീരിയര്‍ ജനറല്‍ ഒക്ടോബര്‍ 30ന് പോലീസിനു നല്‍കിയ മറുപടിയില്‍ മിഷന്‍ ഹോമിലെ സന്യാസിനികളുടെയും മറ്റും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പോലീസ് ആവശ്യപ്പെട്ട ക്രമീകരണങ്ങള്‍ നടത്താന്‍ സന്യാസ സമൂഹത്തിന് അധികാരവും പണവും ഇല്ലെന്നും ആവശ്യപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ അന്തേവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നും അതുകൊണ്ടു തന്നെ ഇരയെയും മറ്റു കന്യാസ്ത്രീകളെയും സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കു മാറ്റി പാര്‍പ്പിക്കണമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. വിഷയത്തില്‍ ഇരയായ കന്യാസ്ത്രീയുടെ നിലപാടു തേടി പോലീസ് പുതിയ കത്ത് നല്‍കിയിട്ടുണ്ട്.
അതേസമയം സൗകര്യങ്ങളൊരുക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇരയായ കന്യാസ്ത്രീയെയും സമരത്തിനു നേതൃത്വം നല്‍കിയ കന്യാസ്ത്രീകളെയും മഠത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ കത്തെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ മഠത്തില്‍ നിന്നു മാറാന്‍ കന്യാസ്ത്രീകള്‍ തയ്യാറല്ലെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.