കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വൈദ്യ പരിശോധന പൂർത്തിയായി. അദ്ദേഹത്തെ നാളെ അതിരാവിലെ കുറവിലങ്ങാട് മഠത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

കുറവിലങ്ങാട് മഠത്തിൽ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ജനങ്ങൾ തടിച്ചുകൂടാനുളള സാഹചര്യം മുന്നിൽ കണ്ട് അതിരാവിലെ തന്നെ തെളിവെടുപ്പ് നടത്താനാണ് ഉദ്ദേശം. ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം വരുന്നത് ഒഴിവാക്കാനും പൊലീസ് ശ്രമിക്കും.

വൈദ്യ പരിശോധനയ്ക്ക് ശേഷം ബിഷപ്പിനെ കോട്ടയത്ത് ജില്ല പൊലീസ് ക്ലബിൽ താമസിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി വിട്ടിരിക്കുന്നത്. ശേഷിച്ച നടപടി ക്രമങ്ങൾ ഇതിനുളളിൽ തീർക്കാനാണ് ശ്രമം.

സെപ്റ്റംബര്‍ 24 ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പൊലീസ് ബിഷപ്പ് ഫ്രാങ്കോയെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്.

മഠത്തിൽവച്ച് രണ്ടുതവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അധികാരം ഉപയോഗിച്ച് ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 342, 376(2)(k),376(2)(n), 377, 506(1) എന്നീ വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ