കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. കോടതിയില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് സേവ് ഔര്‍ സിസ്റ്റേഴ്സ് കൂട്ടായ്മ പ്രതികരിച്ചു.
ഇത്തരമൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ മരിക്കേണ്ടി വന്നാലും ഞങ്ങളുടെ സിസ്റ്റര്‍ക്കു നീതി കിട്ടും വരെ പോരാടുമെന്നും സിസ്റ്റർ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
”പണത്തിന്റെയും സ്വാധീനത്തിന്റെയും ഫലമാണ് വിധി. പണവും സ്വാധീനവുമുള്ളവർക്ക് എല്ലാം നടക്കുമെന്നതാണ് വിധിയിൽനിന്ന് മനസിലാകുന്നത്. ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനിക്കാനാളുമുണ്ട്,” കന്യാസ്ത്രീകൾ പറഞ്ഞു.
Also Read: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ
കേസ് എവിടെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. പൊലീസും പ്രോസിക്യൂഷന്‍ അഭിഭാഷകരും പരമാവധി ശ്രമിച്ചു. അന്വേഷണ സംഘത്തിൽ ഇന്നും വിശ്വാസമുണ്ട്. തീർച്ചയായും അപ്പീൽ പോകും. മഠത്തിൽനിന്നു തന്നെ പോരാട്ടം തുടരും.
തങ്ങള്‍ മുന്‍പ് കോണ്‍വെന്റില്‍ സുരക്ഷിതരായിരുന്നില്ല. ഇനിയും അവിടെ സുരക്ഷിതരായിരിക്കില്ല. സഭയിൽനിന്നു പിന്തുണയില്ലെങ്കിലും ജനപിന്തുണയുണ്ടെന്നും സിസ്റ്റർ അനുപമ പറഞ്ഞു. തങ്ങളുടെ പോരാട്ടത്തിൽ ഇതുവരെ ഒപ്പം നിന്നവർക്ക് അവർ നന്ദി പറഞ്ഞു.
കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടുകൊണ്ട് കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി.ഗോപകുമാര്‍ പറഞ്ഞത്.
Also Read: ദൈവത്തിന് സ്തുതിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസമെന്ന് ലൂസി കളപ്പുര
‘കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം!’ എന്നാണ് വിധിപ്രസ്താവത്തെ സിസ്റ്റര്‍ ലൂസി കളപ്പുര വിശേഷിപ്പിച്ചത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
കോടതി വിധി ഞെട്ടിക്കുന്നതെന്നും പ്രോസിക്യൂഷന്‍ അപ്പീലുമായി മുന്നോട്ടു പോകണമെന്നും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പ്രതികരിച്ചു.
വിധി ആശങ്കാജനകമാണെന്നു പറഞ്ഞ സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി ബലാത്സംഗ ക്കേസുകളിലടക്കം പരാതിപ്പെടുന്ന സ്ത്രീകളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ കഴിയണമെന്നും കൂട്ടിച്ചേര്‍ത്തു.
കേസില്‍ പൊലീസ് നല്ല ജാഗ്രതയോടെ ഇടപ്പെട്ടിരുന്നുവെന്നും വിധി പഠിച്ചശേഷമേ പ്രോസിക്യൂഷനു വീഴ്ച പറ്റിയോയെന്ന് പറയാനാകൂവെന്നും അവര്‍ പറഞ്ഞു. അപ്പീല്‍ നല്‍കാനുള്ള നടപടി പ്രോസിക്യുഷനും പൊലീസും കാര്യക്ഷമമാക്കണമെന്നും അവര്‍ പറഞ്ഞു.
വിധി അംഗീകരിക്കാൻ കഴിയാത്തതാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുൻ എസ്.പി എസ്.ഹരിശങ്കറിന്റെ പ്രതികരണം. എന്ത് സന്ദേശമാണ് വിധി നൽകുന്നതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
“ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമായ ഒരു വിധിയാണ്, ഞങ്ങളെ ഞെട്ടിക്കുന്ന വിധിയാണ്. ശിക്ഷ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അപ്പീൽ നൽകും. ധാരാളം തെളിവുകൾ ഞങ്ങളുടെ പക്കലുണ്ടായിരുന്നു. കേസിലെ സാക്ഷികളെല്ലാം സാധാരണക്കാരായിരുന്നു,” ഹരിശങ്കർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
Read More: അംഗീകരിക്കാൻ കഴിയാത്ത വിധി; ഇത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് മുൻ കോട്ടയം എസ്.പി ഹരിശങ്കർ
അതേസമയം, ‘ദൈവത്തിനു സ്തുതി’ എന്നായിരുന്നു കുറ്റവിമുക്തനാക്കിയതിനോടുള്ള ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതികരണം. വിധിപ്രസ്താവത്തിനു പിന്നാലെ കോടതി മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ സഹോദരങ്ങളെയും അഭിഭാഷകരെയും കെട്ടിപ്പിടിച്ച് കരഞ്ഞു.