കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനോടുള്ള പ്രതികരണം ഒറ്റവാക്കില്‍ പ്രകടിപ്പിച്ച് ഫ്രാങ്കോ മുളയ്ക്കല്‍. ‘ദൈവത്തിനു സ്തുതി’ എന്ന് മാത്രമായിരുന്നു നീതി ലഭിച്ചോ എന്ന ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം.
വിധിപ്രസ്താവത്തിനു പിന്നാലെ കോടതി മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ സഹോദരങ്ങളെയും അഭിഭാഷകരെയും കെട്ടിപ്പിടിച്ച് കരഞ്ഞു. തുടർന്ന് സന്തോഷത്തോടെ പുറത്തേക്കു വന്ന ശേഷമാണ് ‘ദൈവത്തിനു സ്തുതി’ എന്ന് പ്രതികരിച്ചത്.
പിന്നാലെ കാറില്‍ തിരിച്ചുപോയി.കാറിലിരുന്നുകൊണ്ട് കൈ കൂപ്പുകയും ഇരു കൈകളും മുകളിലേക്ക് ഉയര്‍ത്തി കാണിക്കുകയും ചെയ്തു. അനുയായികൾ കോടതിക്കു പുറത്ത് ഫ്രാങ്കോയ്ക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കി.
Also Read: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ
ബിഷപ്പ് ഫ്രാങ്കോയുടെ നിരപരാധിത്വത്തില്‍ നാളിതുവരെ വിശ്വസിച്ചവര്‍ക്കും അദ്ദേഹത്തിനു വേണ്ട നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായി ജലന്ധര്‍ രൂപത അറിയിച്ചു. പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയ്ക്ക് ഒപ്പുമുണ്ടായിരുന്നവരുടെ പ്രതികരണം.
അതേസമയം, ‘കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം!’ എന്നാണ് വിധിപ്രസ്താവത്തെ സിസ്റ്റര്‍ ലൂസി കളപ്പുര വിശേഷിപ്പിച്ചത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
കോടതി വിധി ഞെട്ടിക്കുന്നതെന്നും പ്രോസിക്യൂഷന് അപ്പീലുമായി മുന്നോട്ടു പോകണമെന്നും ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ പ്രതികരിച്ചു.
വിധി ആശങ്കാജനകമാണെന്നു പറഞ്ഞ സംസ്ഥാന വനിത കമ്മിഷന് അധ്യക്ഷ അഡ്വ. പി സതീദേവി ബലാത്സംഗ ക്കേസുകളിലടക്കം പരാതിപ്പെടുന്ന സ്ത്രീകളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ കഴിയണമെന്നും കൂട്ടിച്ചേര്‍ത്തു.
കേസില്‍ പൊലീസ് നല്ല ജാഗ്രതയോടെ ഇടപ്പെട്ടിരുന്നുവെന്നും വിധി പഠിച്ചശേഷമേ പ്രോസിക്യൂഷനു വീഴ്ച പറ്റിയോയെന്ന് പറയാനാകൂവെന്നും അവര്‍ പറഞ്ഞു. അപ്പീല്‍ നല്‍കാനുള്ള നടപടി പ്രോസിക്യുഷനും പൊലീസും കാര്യക്ഷമമാക്കണമെന്നും അവര്‍ പറഞ്ഞു.
വിധി അംഗീകരിക്കാൻ കഴിയാത്തതാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുൻ എസ്.പി എസ്.ഹരിശങ്കറിന്റെ പ്രതികരണം. എന്ത് സന്ദേശമാണ് വിധി നൽകുന്നതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
“ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമായ ഒരു വിധിയാണ്, ഞങ്ങളെ ഞെട്ടിക്കുന്ന വിധിയാണ്. പൂർണമായി ശിക്ഷ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അപ്പീൽ നൽകും. ധാരാളം തെളിവുകൾ ഞങ്ങളുടെ പക്കലുണ്ടായിരുന്നു. കേസിലെ സാക്ഷികളെല്ലാം സാധാരണക്കാരായിരുന്നു,” ഹരിശങ്കർ ഇന്ത്യൻ എക് സിനോട് പറഞ്ഞു.
Read More: അംഗീകരിക്കാൻ കഴിയാത്ത വിധി; ഇത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് മുൻ കോട്ടയം എസ്.പി ഹരിശങ്കർ
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു. കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ജഡ്ജി ജി.ഗോപകുമാര്‍ വിധി പ്രസ്താവത്തില്‍ പറഞ്ഞു.
വിധി കേള്‍ക്കാന്‍ രാവിലെ 9.45 ഓടെയാണ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിലെത്തിയത്. മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാതെ കോടതിയുടെ പിന്നിലെ ഗേറ്റിലൂടെയാണ് ഫ്രാങ്കോ മുളയ്ക്കൽ എത്തിയത്. സഹോദരങ്ങളായ ഫിലിപ്പ്, ചാക്കോ എന്നിവര്‍ക്കൊപ്പമാണ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തിയത്.