വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ പ്രതികാര നടപടിയുമായി വീണ്ടും സഭ. സിസ്റ്റര്‍ നല്‍കിയ വിശദീകരണം തൃപ്തിയല്ലെന്നും, മാര്‍ച്ച് പത്തിനകം വിശദീകരണം നല്‍കണമെന്നും ചൂണ്ടിക്കാട്ടി മൂന്നാം തവണയും മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലൂസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

വിലക്ക് മറികടന്ന് മാധ്യമങ്ങള്‍ക്ക് തുടര്‍ച്ചയായി അഭിമുഖം നല്‍കിയെന്നാണ് പുതിയ ആരോപണം. അച്ചടക്കം ലംഘിച്ചാല്‍ സന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ നേരത്തേ ഉന്നയിച്ച പതിമൂന്ന് പ്രശ്‌നങ്ങള്‍ തന്നെയാണ് ഇത്തവണയും തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും ഒരു ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂവെന്നും ആ ഉത്തരങ്ങള്‍ നേരത്തെ കൊടുത്തതാണെന്നും സിസ്റ്റര്‍ ലൂസി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതാണ് തനിക്ക് മേല്‍ ചുമത്തുന്ന കുറ്റമെങ്കില്‍, ആ കന്യാസ്ത്രീകള്‍ക്ക് താന്‍ ഇനിയും നിരുപാധികമായ പിന്തുണ നല്‍കുമെന്നും അതിന്റെ പേരില്‍ വരുന്ന നടപടികള്‍ വഴിയെ നേരിടാമെന്നും സിസ്റ്റര്‍ വ്യക്തമാക്കി.

കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സുപ്പീരിയറിന്റെ അനുമതി ഇല്ലാതെയാണ്. ദാരിദ്ര്യവ്രതം ലംഘിച്ച സിസ്റ്റര്‍ ലൂസി കളപ്പുര പുസ്തകം പ്രസിദ്ധീകരിച്ചത് വഴി അനാവശ്യ ചെലവുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ