scorecardresearch

ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയെന്ന് മിഷനറീസ് ഇൻ ജീസസ് സന്യാസിനി സമൂഹം; ബിഷപ്പിനായി ഉപവാസ പ്രാര്‍ഥന

ബിഷപ്പ് ഫ്രാങ്കോ നിരപരാധി, കുറവിലങ്ങാട് മഠത്തിൽ കന്യാസ്ത്രീകളും പൊലീസും ചിരിച്ചുല്ലസിക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഇന്ന് ഉപവാസം നടത്തുമെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു

ബിഷപ്പ് ഫ്രാങ്കോ നിരപരാധി, കുറവിലങ്ങാട് മഠത്തിൽ കന്യാസ്ത്രീകളും പൊലീസും ചിരിച്ചുല്ലസിക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഇന്ന് ഉപവാസം നടത്തുമെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു

author-image
WebDesk
New Update
തുടർച്ചയായി കോടതിയിൽ ഹാജരായില്ല; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി, ജാമ്യക്കാർക്കെതിരെയും കേസ്

കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ ജയിലിൽ കഴിയുന്ന പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയെന്ന് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം. ബിഷപ്പ് നിരപരാധിയെന്ന് പ്രഖ്യാപിക്കുന്ന സന്യാസിനിസമൂഹം അന്വേഷണ ഉദ്യോഗസ്ഥരെയും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെയും കുറിച്ച് അധിക്ഷേപാർഹമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുണ്ട് വാർത്താ കുറിപ്പിൽ. നേരത്തെ ഇന്ത്യൻ നിയമ വ്യവസ്ഥയ്ക്കെതിരായി ഇരയും പരാതിക്കാരിയുമായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതും മിഷനറീസ് ഇൻ ജീസസ് എന്ന ജലന്ധർ ബിഷപ്പിന് കീഴിലുളള കന്യാസ്ത്രീ സഭയായിരുന്നു. ഇതുവരെ വന്നിരുന്ന വാർത്താക്കുറിപ്പുകൾ ടൈപ്പ് ചെയ്തവയായിരുന്നുവെങ്കിൽ ബിഷപ്പിനെ നിരപരാധിയായി പ്രഖ്യാപിച്ചുകൊണ്ടുളള വാർത്താക്കുറിപ്പ് എഴുതിയതാണ്. മിഷനറീസ് ഇന്‍ ജീസസ് മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന എംജെയുടെ പേരിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇത് പറയുന്നത്. മദർ ജനറലിന് പുറമെ രണ്ട് കന്യാസ്ത്രീകൾ കൂടെ ഇതിൽ ഒപ്പിട്ടിട്ടുണ്ട്.

Advertisment

"അകാരണമായി പ്രതിയാക്കപ്പെട്ട നിരപരാധിയായ ഫ്രാങ്കോയ്ക്ക് വേണ്ടി ഉപവാസ പ്രാര്‍ഥന" നടത്തുമെന്ന് മിഷനറീസ് ഇന്‍ ജീസസ് സന്യാസ സമൂഹം അറിയിച്ചു. ഇന്ന് സന്യാസ സമൂഹം ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ഉപവാസ പ്രാര്‍ഥന നടത്താനാണ് ആഹ്വാനം ചെയ്തിട്ടുളളത്.

'നിരപരാധിയായ അഭിവന്ദ്യ മാര്‍ ഫ്രാങ്കോ മുളയ്ക്കല്‍ പിതാവ് ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നതിലും ജയില്‍വാസം അനുഭവിക്കേണ്ടി വന്നതിലും എംജെ കോണ്‍ഗ്രിഗേഷന്‍ കാരണമായതില്‍ അതീവ ദുഃഖവും തീരാത്ത വേദനയും പ്രകടിപ്പിക്കുകയും അഭിവന്ദ്യ പിതാവിനോടും ഈ ലോകത്തോടും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ദൈവം ഞങ്ങളോടു ക്ഷമിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു. ഈ പാപക്കറയുടെ പരിഹാരത്തിനായി എംജെ കോണ്‍ഗ്രിഗേഷന്‍ ഒന്നടങ്കം ബുധനാഴ്ച ഉപവസിച്ച് അഭിവന്ദ്യ പിതാവിനായി പ്രാര്‍ഥിക്കുകയാണ് ' വാർത്താറിപ്പില്‍ പറയുന്നു.

എംജെ കോണ്‍ഗ്രിഗേഷനെ ബോധപൂര്‍വമായ അജണ്ടയോടുകൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ കരുവാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന വാർത്താക്കുറിപ്പ് മുന്‍കൂര്‍ അനുവാദമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ പല മഠങ്ങളിലും കടന്നുകയറി ബിഷപ്പിനെതിരേ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുകയാണെന്നും ആരോപിക്കുന്നു. ബിഷപ്പിനെതിരേ നിലവില്‍ തെളിവുകളൊന്നുമില്ലെന്നു പറയുന്ന സന്യാസ സമൂഹം ബിഷപ്പിനെ പുറത്തിറക്കാതിരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ബിഷപ്പിനെതിരായി മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുകയാണെന്നും പറയുന്നു.

Advertisment

ബിഷപ്പിനെതിരേ പരാതിയുള്ളവര്‍ അതാതു ജില്ലകളിലെ പൊലീസിന് പരാതി നല്‍കി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന പോലീസ് നിര്‍ദേശം ആശങ്കയുണ്ടാക്കുന്നതാണ്. കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നു പറയുന്ന പത്രക്കുറിപ്പ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റുള്ള കന്യാസ്ത്രീകള്‍ നേരത്തേ അറിഞ്ഞുവെന്നു പറയാന്‍ നിര്‍ബന്ധിക്കുകയാണെന്നും ആരോപിക്കുന്നു.

എംജെ കോണ്‍ഗ്രിഗേഷന്റെ കുറവിലങ്ങാട് മഠത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരും കന്യാസ്ത്രീകളും രാത്രി രണ്ടുമണി വരെ ചിരിച്ച് ഉല്ലസിച്ച് ഇരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് മഠത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും പറയുന്ന വാർത്താകുറിപ്പിൽ സന്യാസിനി സമൂഹം ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ കൂടുതല്‍ തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും കുറ്റപ്പെടുത്തുന്നു.

അസമയത്തും അനുവാദമില്ലാതെയും മഠങ്ങളിലെത്തുന്ന പൊലീസിന്റെ നീക്കം മൂലം സത്യം പറയാനായി ഇറങ്ങിയ പലരും പിന്നോട്ടുപോയെന്നും മിക്കവരും മാനസിക അസ്വസ്ഥത മൂലം അതിനുള്ള ചികിത്സ തേടിയെന്നും പത്രക്കുറിപ്പ് ആരോപിക്കുന്നു. സത്യം ഒരു ദിവസം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ അനുകൂലിക്കുന്ന തരത്തിലുള്ള യാതൊരു പരാമര്‍ശങ്ങളും ഇല്ലായെന്നതും ശ്രദ്ധേയമാണ്.

Rape Cases Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: