/indian-express-malayalam/media/media_files/uploads/2018/07/franko.jpg)
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് ദിവസങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാത്തതിൽ കേരളത്തിലെ എഴുത്തുകാരികളും സ്ത്രീ സാംസ്കാരിക പ്രവർത്തകരും വനിതാ മാധ്യപ്രവർത്തകരും ഉത്കണ്ഠ രേഖപ്പെടുത്തി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. സാറാ ജോസഫ്, കെ.അജിത, ഖദീജാ മുംതാസ്, സോണിയോ ജോർജ്, ഏലീയാമ്മ വിജയൻ തുടങ്ങി ഈ മേഖലകളിലെ സജീവ സാന്നിദ്ധ്യമായ അൻപതോളം പേരാണ് പ്രസ്താവനയിൽ ഒപ്പിട്ടിട്ടുളളത്.
ജലന്ധർ ബിഷപ് പദം അലങ്കരിക്കുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കു ദിവസങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാത്തതിൽ ഞങ്ങൾ അതീവ ഉത്കണ്ഠ രേഖപ്പെടുത്തുന്നുവെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിയെ ഇതുവരെയായും അറസ്റ്റ് ചെയ്യാത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത് കേസ് അട്ടിമറിക്കാനുള്ള എല്ലാ പഴുതുകളും കുറ്റക്കാർക്ക് നൽകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതിക്കുവേണ്ടി കേസ് അട്ടിമറിക്കാൻ കന്യാസ്ത്രീക്കു വൻ വാഗ്‌ദാനങ്ങൾ നൽകിയത് ഇതിന് തെളിവാണ്. സമ്മർദങ്ങൾക്ക് വഴങ്ങാത്ത കന്യാസ്ത്രീയുടെ ജീവന് സുരക്ഷ ഉറപ്പാക്കണം. പ്രതിയെ ഉടൻ അറസ്റ്റു ചെയ്ത് തുടർനടപടികൾ ശക്തിപ്പെടുത്തി കന്യാസ്ത്രീക്കു നീതി ലഭ്യമാക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഒപ്പം നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കെ.അജിത, സാറാ ജോസഫ്, ഡോ.ഖദീജ മുംതാസ്, ഏലിയാമ്മ വിജയൻ, മേഴ്‌സി അലക്സാണ്ടർ, വിധു വിൻസെന്റ്, ഗീതാ നസീർ, കെ.എ.ബീന, എസ്.ശാരദക്കുട്ടി, അഡ്വ.സന്ധ്യ ജെ, സോണിയ ജോർജ്, സരിത വർമ്മ, ജ്യോതി നാരായണൻ, വിമലാ മേനോൻ, ഡോ.കെ.ജി.താര, മിനി സുകുമാർ, സി.എസ്.ചന്ദ്രിക, ഡോ.എ.കെ.ജയശ്രീ, ടി. രാധാമണി, പ്രവീണ കോടോത്, ഡോ.ഐറിസ്, മീരാ അശോക്, ആശ ആച്ചി ജോസഫ്, ഡോ.എ.കെ.സുധർമ്മ, സീത വിക്രമൻ, ഷീബ കെ.എം, രെജിത ജി, കൊച്ചുറാണി എബ്രഹാം, ഡോ. സുപ്രിയ എ.ആർ, സീറ്റ ദാസൻ, പിങ്കി വാസൻ, ബി. ഇന്ദിര, രാജേശ്വരി നിരീക്ഷ, ശാരിക, അഡ്വ ആനി സ്വീറ്റി, എസ്. കെ.മിനി, ഷീലാ രാഹുലൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിട്ടുളളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.